Wednesday, December 19, 2012

കൊടിജീവിതം



കൊടിജീവിതം


ചുവപ്പ് ,കാവി ,പച്ച ,മഞ്ഞ .....

കൊടി നിറത്തിന്റെ
കടുപ്പത്തില്‍
തിമിരം ബാധിച്ച
കണ്ണുകളേ

കൊടിയുടെ
മതില്‍ കെട്ടി
വെറുപ്പിന്റെ
കറുപ്പ് നിറച്ച
മനസ്സുകളേ

കൊടിക്കുടിലുകളില്‍ നിന്നും
കൊടിയുടെ
അടിവസ്ത്രത്തിന് മേല്‍
മനുഷ്യത്വം പുതച്ച്
നാണം മറച്ച്
വെളിച്ചത്തിലേക്കിറങ്ങുവിന്‍!

കൊടി നിറങ്ങളെ
ഭൂമിയമ്മക്കൊപ്പം
ഒന്നിച്ചു തിരിച്ച്
സമാധാനത്തിന്റെ
തൂവെള്ള പ്രഭ
വിരിയിച്ചെടുക്കാമെന്ന്
തിരിച്ചറിയുവിന്‍!

കൊടി ഭൂതത്തിന്റെ
മാരണത്തില്‍
നഷ്ടമായിപ്പോയ
കാഴ്ചശക്തിയെ
തിരിച്ചെടുക്കുവിന്‍
മനുഷ്യരാകുവിന്‍, മനുഷ്യരേ !


Tuesday, December 18, 2012

അച്ചുവേട്ടന്‍



അച്ചുവേട്ടന്‍ 


പാറയില്‍ പന്തുരുട്ടി ഉദയം കാണിച്ചത്
അദ്ധ്യെഹമായിരുന്നു
പാറപ്പുറത്തൊരു
കായിക സൌഹൃദമൊരുക്കിയതും
അദ്ധ്യെഹമായിരുന്നു

ശുഷ്കിച്ച കാലുകള്‍ ബൂട്ടുകള്‍ക്കായ്
പുഷ്ടിപ്പിച്ചെടുത്തതും

പാമ്പാട്ടിയുടെ കുഴലൂത്തു പോലെയൊരു
ഗ്രാമത്തെ വിസിലൂതി
കളി പഠിപ്പിച്ചതും

ഒരു ദേശത്തിന്റെ ഹൃദയരാഗത്തിനൊരു
ഫുട്ബോള്‍ താളത്തിന്റെ
മേളം ചേര്‍ത്തതും

പന്തുരുണ്ട മൈതാനങ്ങളിലൊക്കെയും
ഉച്ചഭാഷിണികളിലായെന്നും
ഒരു ഗ്രാമത്തിന്റെ
പേരറിയിച്ചതും

ഉദയയുടെ ഗുരുനാഥരും
ഏട്ടനും അച്ഛനുമാം
അച്ചുവേട്ടന്റെ മാത്രം സുകൃതം!

ഇല്ല ,ഗുരുവര്യരെ
മറക്കില്ലൊരിക്കലും ഞങ്ങള്‍
തലമുറകളിലൂടെ
പന്തുരുളുവോളം കാലം
അങ്ങയുടെ പാഥേയം!

പ്രാര്‍ത്ഥനയൊന്നു മാത്രം
ബാക്കിയായ് ഞങ്ങളിലിന്നു-
മൊരു പൊന്‍പുലരിക്കായ്‌
"കലകള്‍ക്കായ്
ഒരു അച്ചുവേട്ടന്‍ കൂടി
പിറക്കണേ" ന്ന് !



(ചുള്ളിപ്പാറ എന്ന  ഞങ്ങളുടെ ഗ്രാമത്തിനു കാല്പന്ത് കളിയിലൂടെ ഒരു പുതുജന്മം നല്‍കിയ പ്രിയപ്പെട്ട ഞങ്ങളുടെ ഗുരുനാഥന്‍ , ഉദയ സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബ് ചുള്ളിപ്പാറയുടെ സ്ഥാപകന്‍, ഈ വരികള്‍ അദ്ധ്യേഹത്തിന്റെ മാതൃകാ ജീവിതത്തിനുള്ള ഉപഹാരമായി , ശിഷ്യരുടെ ഒരു എളിയ സമര്‍പ്പണം! )


നാരികളും നാറികളും


നാരികളും നാറികളും



കെണിയുടെ ചാണക്യന്മാര്‍
ഒളിഞ്ഞിരിപ്പുണ്ടാ-
'ട്ടവറു'കള്‍ക്ക് മുകളില്‍


വെന്തതും
വേവാത്തതും
പാതിവെന്തതുമാം
തരുണികളാണവരുടെ
ഇരകള്‍

ശബ്ദത്തിന്‍ വേഷത്തിലും
അക്ഷരത്തിന്‍ ദേഹത്തിലും
വേട്ടക്കിറങ്ങുന്നതാണവരുടെ
പതിവ്

സാത്താന്റെ കൂട്ടിനാല്‍
പെണ്‍ തലയുടെ പൂട്ടുകള്‍
പൊളിക്കുന്നതിലാണവരുടെ
ബിരുദവും!

നാറുന്നതിനു മുമ്പേ,
ഓര്‍ക്കുക നാരികളേ!
"ഈ ലോകം
നാറികളുടേതുമാണ്"!


Thursday, December 13, 2012

വിശ്വാസം അതല്ലേ എല്ലാം?


വിശ്വാസം അതല്ലേ എല്ലാം?


അല്പജ്ഞാനത്തിന്റെ
പൊട്ടക്കിണറ്റില്‍ വെച്ചാണ്
വിശ്വാസി
യുക്തിയെ
പരിചയപ്പെട്ടത്!

പട്ടിയിറച്ചി വിളമ്പിയ പട്ടണത്തിലെ
ഹോട്ടലില്‍ നിന്ന് മട്ടണ്‍ കറി
വാങ്ങിയപ്പോഴും
കെട്ടഴിച്ചു നോക്കാതെ കെട്ടിയ
കെട്ടിയോള്‍ തന്ന കുട്ടിയെ
ഒപ്പിട്ടു വാങ്ങിയപ്പോഴും
മൌനിയായിരുന്ന
യുക്തി,

എന്തിനാണിപ്പോള്‍
ദൈവത്തോട് മാത്രം
യൂസര്‍ നെയ്മും
പാസ് വേര്‍ഡും
ചോദിക്കുന്നത്,
വിശ്വാസം അതല്ലേ എല്ലാം?


Wednesday, December 12, 2012

നോട്ടും ചില്ലറയും



നോട്ടും ചില്ലറയും


പണത്തിനു മാത്രമെന്തേ അയിത്തമില്ല
അഴുക്കുമില്ല , അലക്കാനുമില്ല
രോഗാണുവില്ല ,പകര്‍ച്ചാവ്യാധിയില്ല
രോഗിക്ക് ഡോക്ടര്‍ക്ക്
വേശ്യക്ക് ബ്രഹ്മചാരിക്ക്
പാപിക്ക്‌ പുണ്യവാന്
പാമരന് പണ്ഡിതന്
പാവത്തിന് പണക്കാരന്
പുലയന് ബ്രാഹ്മണന്
കാവിക്ക് പച്ചക്ക്
പരസ്പരം സ്നേഹത്താല്‍
പങ്കുവെക്കാന്‍ ഇതൊന്നുമാത്രം
'നോട്ടും ചില്ലറയും'


ഹജ്ജും ചില ചിന്തകളും


"ഹജ്ജും ചില ചിന്തകളും" 

മരുഭൂവിന്‍ മരുപ്പച്ചയില്‍ 
ദീനിന്‍ തറവാട്ടില്‍
ഞാന്‍ അതിഥിയായെത്തി
വെണ്‍വസ്ത്രമണിഞ്ഞ ദീനിനിവിടം
മക്കള്‍ രണ്ടേ രണ്ടു പേര്‍
സുന്നിയും ശിയയും

ചെറുമകന്‍ ശിയ
തറവാടുമായ് പിണങ്ങി താമസം വേറെയായെങ്കിലും
ആണ്ടിലൊരു നാള്‍ അവന്‍ ,സ്വസഹോദരനൊപ്പം
തിരുഗേഹം വലയം വെച്ചു

മൂത്തവന്‍ സുന്നിയോ ?
ഹിന്ദിയും പാക്കിയും ദേശിയും വെള്ളയും കാപ്പിരിയുമെല്ലാം
അവനതിഥികള്‍!
ഒരേ പള്ളിയില്‍ ,ഒരേ സഫില്‍,ഒരേ ഇമാമിന് കീഴില്‍,
കന്തൂറയും പൈജാമയും ലുങ്കിയും പാന്റ്സുമെല്ലാം ഒരുമിച്ചു സുജൂദില്‍ വീണു

എന്നാല്‍
ഒരേ കടലിനിക്കരെ
ഒരേ സൂര്യന് കീഴില്‍
മാമലകള്‍ പച്ചതൊപ്പിയണിഞ്ഞ നാട്ടില്‍
ചിത്രം മഹാവിചിത്രം !

അതേ സുന്നിയുപ്പക്ക് ,മക്കളും മരുമക്കളുമായ്
ഗ്രൂപ്പുകള്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു
പള്ളിയും സലാമും ഇമാമും ജനാസനിസ്കാരവുമെല്ലാമെല്ലാം വെവ്വേറെ!
ഗ്രൂപ്പുകാരുടെ ചെളിവാരിയേറില്‍ ഇസ്ലാമിന്‍ വെണ്‍പുടവയില്‍
കറയും അഴുക്കും പുരണ്ടുകൊണ്ടിരുന്നു
എതിര്‍ ഗ്രൂപ്പിന്‍ തേജോവധം വാജിബും ഫര്‍ള് ഐനുമായ് മാറി
ഗ്രൂപ്പില്ലാത്തവന്റെ ഇസ്ലാം തുണിപൊക്കി പരിശോധിക്കണമെന്നായി പുതിയ മതം
... ഇബുലീസ് ആര്‍ത്താര്‍ത്ത് ചിരിച്ചു കൊണ്ടേയിരുന്നു!

അവസാനം !
മഹ്ശറയില്‍,
ഒരു റിയാലിറ്റി ഷോ
ഓരോ ഗ്രൂപ്പുകാരും പ്രതീക്ഷയില്‍, ആവേശതിമര്‍പ്പില്‍
"ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം, ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം"
ഉടന്‍ ,ഒരശരീരി മുഴങ്ങി
"വ്യക്തിശുദ്ധിതന്‍ അഗ്നിയില്‍ സ്ഫുടം ചെയ്ത എന്‍ ദാസന്മാര്‍,
സ്വര്‍ഗ്ഗ കവാടത്തിലൂടെ പ്രവേശിച്ചു കൊള്‍ക!"
ഗ്രൂപ്പുകാര്‍ ലജ്ജിതരായ് തലതാഴ്ത്തി നിന്നു
സ്വര്‍ഗ്ഗ പ്രവേശനം ഗ്രൂപ്പുകള്‍ക്കല്ലായിരുന്നു, വ്യക്തികള്‍ക്കായിരുന്നു
ഭക്തിയും വിനയവും ക്ഷമാശീലരുമായ ദാസന്മാര്‍ക്കായിരുന്നു
...ഇബുലീസിന്‍ അട്ടഹാസം നരകത്തില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു!

സഹോദരരെ!,
ഗ്രൂപ്പിസത്തിന്‍ പൈശാചികതയെ കല്ലെടുത്തെറിയുവിന്‍
മിനായിലെ കല്ലുകള്‍,ഗ്രൂപ്പിസത്തെയും നശിപ്പിക്കട്ടെ!
ഹജ്ജിന്റെ പുണ്യം,അത് വിശ്വസാഹോദര്യത്തിന്റെ പുണ്യം
ഇഹ്റാമിന്റെ ഇരട്ടപുടവയില്‍ പൊതിഞ്ഞ മാനവസാഹോദര്യത്തിന്‍ പുണ്യം
ഈ ഹജ്ജിന്റെയാരവം ഒരു പുനര്‍ചിന്തനം നല്‍കട്ടെ!



(2012 ലെ ഹജ്ജ് ദിനങ്ങളില്‍ മനസ്സില്‍ പതിഞ്ഞ ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വെക്കുന്നു )


Tuesday, December 11, 2012

പ്രവാസി

പ്രവാസി


അല്ല,ഇത് ഞാനല്ല
പ്രവാസത്തിന്‍ ചതുപ്പുനിലത്തില്‍ വീണു
ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്നൊരാള്‍ 
അപരന്‍,ഒരപരിചിതന്‍!

പ്രിയതമയുടെ വിരഹക്കണ്ണീര്‍ തുള്ളികള്‍
തലയിണ തുളച്ചിറങ്ങിയെന്‍ 
മൂര്‍ദ്ധാവില്‍ വീണു ചിന്നിച്ചിതറവെ,
വീണ്ടും ഒരു തിരിച്ചറിവെന്നില്‍
അല്ല, ഇതേതോ ഒരു ബ്രഹ്മചാരി!

വികാരാഗ്നി ജ്വാലകളില്‍
വെന്തുരുകി ദിനന്തോറും
പുതുപുറന്തോടുകളില്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്‍
ഇവന്‍, ഏതോ ഒരു ജീവച്ഛവം!

ആഴ്ന്നു പോകുന്തോറും
ബന്ധങ്ങള്‍ തന്‍ വേരുകള്‍
പൊട്ടിയറ്റപോകുമീ
ശ്മശാനത്തിന്‍ മണ്ണും
എന്റേതല്ല തന്നെ!

അതെ, ഇതൊരു ചതിക്കുഴി
കാലത്തിന്റെ നടപ്പാതയില്‍
അസൂയയും അഹങ്കാരവും
മാത്സര്യബുദ്ധിയും കൂട്ടിക്കുഴച്ച്
സമൂഹമൊരുക്കിയ കെണിക്കുഴി!

ഇല്ല, എനിക്ക് ഞാനാകണം
ഞാനായി ജീവിക്കണം
പാതിവിധവയാമെന്നിണയെ
പുതുമണവാട്ടിയാക്കണം

ഇനിയും വയ്യ! കാലമേ,
നിന്റെ മാറിടത്തിലെ
ഈ ചെളിക്കുഴിയില്‍
നിന്നും എന്നെ, നീ
ഒരു മനുഷ്യനായി വീണ്ടും
പുനര്‍ജനിപ്പിക്കുക!




ദുബായീലെ മഴ



ദുബായീലെ മഴ


വരണ്ട മരുഭൂമിയും
ദാഹിച്ച മനസ്സും
നനച്ച്, ഇന്നലെ
ദുബായില്‍ പെയ്ത
മഴയെ, 
പുതിയ വില്ലയുടെ
ഉമ്മറത്തൊരു 
കസേരയിട്ട്
സ്വീകരിച്ചിരുത്തിയപ്പോള്‍

അകത്ത്,
വെയിലില്‍ തിളങ്ങിയിരുന്ന
ആസ്ബസ്ടോസ് വില്ലയുടെ
സൌന്ദര്യം, മഴയോട്
മല്ലിടുകയായിരുന്നു
എന്നറിഞ്ഞത്
ഉമ്മയുടെ നിലവിളിയില്‍
നിന്നായിരുന്നു!

അടുക്കളയിലെ പാത്രങ്ങളും
ടോയ്ലെറ്റിലെ ബക്കറ്റും
ഉറക്കമൊഴിച്ച്
ബെഡ്റൂമിലെ
മെഡിക്കേറ്റഡ് കിടക്കയില്‍
മഴക്ക് കാവലിരുന്നതങ്ങിനെയാണ്!

ഒരേ സമയം
കുളിരും നൊമ്പരവുമായി
പെയ്തിറങ്ങിയ മഴയില്‍
ഒലിച്ചുപോയത്
ഇന്നലത്തെ ഉറക്കും
ഇന്നത്തെ വര്‍ക്കുമായിരുന്നു!


നിഷേധികളും വിശ്വാസികളും



നിഷേധികളും വിശ്വാസികളും


കളങ്കിതമായ മനസ്സുകളുടെ
വേശ്യാലയത്തില്‍
മേക്കപ്പണിഞ്ഞു നിന്ന
ദൈവത്തെ,
അവര്‍
കൂട്ടബലാല്‍സംഗം ചെയ്ത്
മാറാരോഗിയാക്കി മാറ്റിയിരിക്കുന്നു

എന്നാല്‍
ചാരിത്ര്യ ശുദ്ധിയുള്ള
മനസ്സുകളുടെ ആത്മാവില്‍
മേക്കപ്പണിയാത്ത
ദൈവം
പൂര്‍ണ്ണ ആരോഗ്യത്തോടെ
ഇന്നും ജീവിച്ചിരിപ്പുണ്ട്
ക്ഷമയും കാരുണ്യവുമായി!



ഏട്ടനും അനിയനും


ഏട്ടനും അനിയനും


ഏട്ടനെന്ന മഹാവൃക്ഷത്തണലില്‍
ഞാന്‍ സസുഖം മൂടിപ്പുതച്ചുറങ്ങുകയായിരുന്നു

അര്‍ബുദം താണ്ഡവമാടിയ
ഏട്ടന്റെ ശിരസ്സില്‍ 
ഉച്ചസൂര്യൻ എത്തിയപ്പോഴാണ്
എന്റെ കണ്ണിലും മനസ്സിലും
ജീവിതത്തിന്റെ പ്രഭാതം തെളിഞ്ഞത്

ഒരു മരത്തടിയുടെ നിഴല്‍ത്തണലായെങ്കിലും
ഏട്ടനൊരു ആശ്വാസമേകാന്‍
ഞാനുണര്‍ന്നെണീറ്റതും അപ്പോഴായിരുന്നു

ഉറക്കച്ചടവ് മാറും മുമ്പേ
നിലച്ചുപോയ ഹൃദയവും പേറി
ഞാനീ കഫന്‍പുടവക്കുള്ളില്‍
അകവും പുറവുമായി വെന്തുരുകയാണിപ്പോള്‍

എത്രയെത്ര അഭിലാഷങ്ങളാണ്
ഈ മൂന്നു കഷ്ണത്തിനുള്ളില്‍
ചുരുട്ടിക്കെട്ടി പൊതിഞ്ഞതെന്നു
ഇവരുണ്ടോ അറിയുന്നു?


ക്യാന്‍സര്‍ ബാധിച്ച ജ്യേഷ്ടന്റെ ജീവിതത്തെ കുറിച്ച് എപ്പോഴും ആവലാതിപ്പെട്ടിരുന്ന ഒരു പ്രിയ പ്രവാസി സുഹൃത്തിന്റെ പെട്ടെന്നുള്ള മരണം എന്നില്‍  സൃഷ്ടിച്ച വരികള്‍.ജ്യേഷ്ടന്‍ അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു.മരണം ആരെ , എപ്പോള്‍ തേടി വരുന്നെന്നു ആര്‍ക്കറിയാം സ്നേഹിതരെ? )


Monday, December 3, 2012

ഞാന്‍


                      ഞാന്‍

"ഞാനൊരു മൂടിയിട്ടടച്ച കുപ്പിയല്ല
വഴിയില്‍ കാണുന്നതെല്ലാം ഭക്ഷിക്കുന്നവനുമല്ല
ചവച്ചരച്ചാണിറക്കുന്നതെല്ലാം
ഇറക്കിയതിലെല്ലാം തിട്ടമുണ്ടെങ്കിലും
തികട്ടിയാല്‍ ചര്‍ദിക്കുക തന്നെ ചെയ്യും"


Sunday, December 2, 2012

About Me

About Me



           വായന പ്രായോഗികമായിരിക്കണം എന്നുള്ളതാണ് എന്റെ പക്ഷം .വായനയില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍  നിന്നും കിട്ടുന്ന അറിവുകള്‍ നിജപ്പെടുത്തി കോര്‍ത്തിണക്കി, ധാരണകള്‍  അനുനിമിഷം തിരുത്തപ്പെട്ടു കൊണ്ടിരിക്കണം. കൂടുതല്‍ മേന്മയുള്ള അറിവുകള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള മാനസിക വിശാലതയാണ് നാമോരോരുത്തര്‍ക്കും വേണ്ടത്.മരണം വരെയും ഒരു വിദ്യാര്‍ത്ഥിയായിരിക്കുക ("തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ" എന്ന അറബ് പ്രയോഗം കടമെടുക്കുന്നു). അഹംഭാവം ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു.വളര്‍ച്ചക്ക് പകരം മുരടിപ്പാണ് അത് നല്‍കുന്നതെന്ന് തിരിച്ചറിയുക.പുതിയ പുതിയ അറിവുകള്‍ തേടിപ്പിടിച്ച് ഉയരങ്ങളിലേക്ക് കുതിക്കുക.ചുറ്റുമുള്ള വഴിയോരങ്ങളില്‍ പ്രകാശം പരത്തിക്കൊണ്ട് ഇരുട്ടില്‍ തപ്പുന്നവരെയും വെളിച്ചത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരിക.സ്നേഹം അതിന്റെ ബാഹ്യ രൂപത്തില്‍ മാത്രമേ ജീവിക്കുന്നുള്ളൂ ആയതിനാല്‍ അത് പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കാതിരിക്കുക. ചിലപ്പോള്‍ ഒരു വാക്ക് മാത്രം മതിയാകും ഒരു മനസ്സ് നിറക്കാന്‍ ! (വെറുക്കാനും അത് മതീട്ടോ !) .
സൂര്യന്‍ അസ്തമയത്തിലേക്ക് തന്നെയാണ് ചലിച്ചു കൊണ്ടിരിക്കുന്നത്,അസ്തമയത്തിനു മുമ്പായി വെളിച്ചമുള്ള ഒരു പകലെങ്കിലും നല്‍കാന്‍ നമുക്ക് കഴിയണം....
സ്നേഹിതരെ നന്മകള്‍ നേരുന്നു!
എന്റെ പ്രിയ സുഹൃത്ത് മിഥുന്‍ മേരിയുടെ തൂലികയില്‍ നിന്നും പിറന്നു വീണ്, ഹൃദയത്തില്‍ തറച്ച രണ്ടു ചിന്തകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു സ്നേഹിതരെ , മന:ശാസ്ത്രത്തിന്റെ ബേസിക് എന്ന് വേണമെങ്കില്‍ പറയാവുന്ന അവ ഇങ്ങിനെ.          
       
       "തീരങ്ങളില്‍ മാത്രമേ കടല്‍ അതിന്റെ തിരയിളക്കം കൊണ്ട് നിന്നെ പേടിപ്പിക്കുകയുള്ളൂ . ആഴകടലില്‍ അവള്‍ ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങുകയാവും . അതുപോലെ തന്നെയാണ് മനുഷ്യമനസ്സും . പുറമേ പ്രക്ഷുബ്ധരായ മനുഷ്യരുടെ ആഴങ്ങളിലേക്ക് തുഴയാന്‍ നിനക്ക് ധൈര്യവും ക്ഷമയുമുണ്ടെങ്കില്‍ അവിടെ നിന്നു മുത്തും പവിഴവും നിനക്ക് കണ്ടെത്താനായേക്കും !!! "

      "ഹൃദയം കൊണ്ട് ജീവിക്കുന്നവരെ ഒരു കുഞ്ഞിന്റെ നൈര്‍മല്യം ഉള്ളവരെ മത്സരങ്ങളുടെ ലോകത്ത് നിങ്ങള്‍ കണ്ടുമുട്ടില്ല . ബലമുണ്ടായിട്ടും മാറി നടക്കുന്നവര്‍ , തോറ്റു കൊടുക്കുന്നവര്‍ , തങ്ങളുടെ സാന്നിധ്യം കൊണ്ട് പരിസരങ്ങളെ മനോഹരമാക്കുന്നവര്‍ . ഭൂമിയിലെ മാലാഖമാര്‍ !!!"