Friday, December 27, 2013

വേരില്ലാത്ത മരങ്ങൾ

വേരില്ലാത്ത മരങ്ങൾ


മതാനുയായികളുടെ
വേഷഭൂഷാദികൾക്കിടയിൽ
ആത്മീയത
ശ്വാസം മുട്ടി
പിടയുന്നു

വേരില്ലാത്ത
മരങ്ങൾ
ചെറിയ
കാറ്റിൽ പോലും
ആടിയുലയുന്നു !


ബന്ധങ്ങൾ

ബന്ധങ്ങൾ


അടുക്കുന്തോറും
അകലം
വർദ്ധിപ്പിക്കുന്നു
ചില ബന്ധങ്ങൾ

അഴിഞ്ഞു വീഴുന്ന
മുഖംമൂടികൾ
മതിലുകളായി
രൂപാന്തരപ്പെടുന്നു !


ചിരി


ചിരി


ഉമിക്കരിയുടെ
കാലത്ത്
ചിരിയിൽ
ഇത്രയും
മായം
കലർന്നിരുന്നില്ല

ഇപ്പോൾ
പതയിൽ
വെളുപ്പിച്ചെടുക്കുന്ന
ദന്തനിരയിൽ
ചതിയും
പതിയിരിക്കുന്നു !


Saturday, November 23, 2013

മഴ

മഴ


ഹാ!
മഴയെ
പ്രണയിച്ചവൻ
അതാ
പ്രളയത്തിൽ
മുങ്ങി താഴുന്നു....

ഞാനോ, 
ചോർച്ച
നിൽക്കാൻ
നേർച്ച
നേരുന്നു...!



(ഷാർജയിലെ മഴയിൽ നിന്നും... - 2013 )


Saturday, November 16, 2013

ആത്മദാഹം


ആത്മദാഹം


പടിയിറങ്ങിപ്പോയ
ആത്മീയതയെ
അങ്ങാടിയിൽ 
തിരയുന്നുണ്ട്
പുതുതലമുറയിലെ
തൊട്ടാവാടികൾ

ബീജം വഴി വന്ന മതം
അകതാരിലെവിടെയോ
പാദം കുഴഞ്ഞ്
കിടക്കുമ്പോൾ
വാതം പിടിപെട്ടിരിക്കുന്നത്
കുറുന്തോട്ടിക്കല്ല,

മതത്തിൽ
മായവും ചായവും ചേർത്ത്
കീശ വീർപ്പിക്കുന്ന
മുറിവൈദ്യന്മാർക്കാണ്!

ഒന്നുറപ്പാണ്,
പൊടി പിടിച്ചു
കിടക്കുന്ന ഗ്രന്ഥ-
ശേഖരങ്ങൾക്കിടയിലെ-
വിടെയെങ്കിലും
നിങ്ങൾ
ഒരു കിണർ
കണ്ടെത്താതിരിക്കില്ല !!


Thursday, November 7, 2013

റെയിൽവേ സ്റ്റേഷൻ

റെയിൽവേ സ്റ്റേഷൻ


ലോകം
ഒരു 
റെയിൽവേ സ്റ്റേഷൻ

കാലം
നിശ്ചലമായ 
റെയിൽ പാളം

ജനനവും മരണവും
അവധിയില്ലാത്ത
രണ്ടു ട്രെയിനുകൾ

ഒന്നിൽ
ആഗമനം
ഒന്നിൽ
നിർഗമനം !


Sunday, October 27, 2013

ചാവേർ

ചാവേർ


സിഗററ്റ്
ഒരു ചാവേറാണ് !

കാവിയും വെള്ളയും ധരിച്ച
മതേതരനായ ചാവേർ

മരിക്കാൻ വേണ്ടി
മാത്രം നിയോഗിക്കപ്പെട്ടവൻ

ആരുടെയോ തിരിനാളത്തിനാൽ
സ്വയമെരിഞ്ഞ് തീരുമ്പോഴും
ഇരയുടെ കുരുതിയിൽ
ആത്മ നിർവൃതിയടയുന്നവൻ

ഒരു തരത്തിൽ
ചാവേറുകളും
ആരൊക്കെയോ
തിരികൊളുത്തിയ
സിഗററ്റുകളാണ് !


Saturday, October 5, 2013

ആത്മഹത്യ


ആത്മഹത്യ


ഉള്ളം
പൊള്ളിയവന്റെ
ഉഷ്ണം,

വിഷം
കഴിച്ച്
മോർച്ചറിയിലെ
ഫ്രീസറിൽ
വെച്ചപ്പോഴത്രേ
ശമിച്ചത് !


Thursday, October 3, 2013

"ഫെയ്ക്ക് ഐഡി മിത്രങ്ങളുടെ ശ്രദ്ധയ്ക്ക്"


"ഫെയ്ക്ക് ഐഡി മിത്രങ്ങളുടെ ശ്രദ്ധയ്ക്ക്"

ഫെയ്ക്കുകളേ..,
നിങ്ങൾ
എനിക്ക്
ബലിക്കാക്കകൾ
പോലെയാണ് !

ഉറ്റവരിൽ
ആരുടെ
ആത്മാവാണ്
നിങ്ങളിൽ
സന്നിവേശി-
ച്ചിരിക്കുന്നതെന്നറിയാതെ,
ഞാൻ
നിങ്ങൾക്ക്
ഇന്നും,അന്നം
നൽകിക്കൊണ്ടിരിക്കുന്നു...!


Thursday, September 26, 2013

ഫേസ്ബുക്ക് ജീവിതം


ഫേസ്ബുക്ക്  ജീവിതം 


മതങ്ങൾ
മതേതരത്വത്തിൽ
മുങ്ങിച്ചത്ത്
നിരീശ്വരത്വമായ്‌
പുനർജനിക്കുന്നു !

ജീവിത
നൈരാശ്യവുമായ്
നിഷേധത്തിന്റെ
വിരൽതുമ്പുകൾ
മരണം കാത്ത്
കീബോർഡിൽ
കിടക്കുന്നു !

ലൈക്കിനും
കമെന്റിനും
പണയം വെച്ച്,
ക്രമീകരിക്കപ്പെട്ട
മസ്തിഷ്കങ്ങളിൽ
ഇഴയുന്നു
ഈ ഫുദ്ധിജീവിതം..!!


Sunday, September 1, 2013

മതവും മതചിഹ്നവും

"മതവും മതചിഹ്നവും" 


മത ചിഹ്നങ്ങൾ
വാരിപ്പുതച്ചവരുടെ
മദപ്പാടുകൾ
നോക്കിയാണ്
അവർ
മതങ്ങളെ
കല്ലെറിയുന്നത് !

ഓർക്കുക!,
എല്ലാ മനുഷ്യരും
ശരീരത്തിൽ
വിസർജ്ജ്യം
വഹിക്കുന്നവരാണ് !!


Thursday, June 20, 2013

മദ്യം വിഷ (യ) മാണ് ...!



മദ്യം വിഷ (യ) മാണ് ...!



കുപ്പിയിലെ
വീര്യമാണ്
വരികളിലേക്ക് 
പകർന്നതെന്ന്
ഒരു കവി !

കുടിച്ചവനെക്കാൾ
മത്ത് പിടിച്ചത്
വായിച്ചവനത്രേ !!


Saturday, June 8, 2013

തിരിച്ചറിവ്



തിരിച്ചറിവ്


അവൻ
ദൈവത്തെ
തിരഞ്ഞ് നടന്നു

ദൈവം
അവന്റെ
പിറകിൽ
നടന്നു

മരണം
അവനെ
വഴിയിൽ
തടഞ്ഞു

ദൈവം
മുന്നിലും
അവൻ
പിന്നിലും
നടന്നു !!


Monday, May 20, 2013

കയർ പ്രേമികളോട്..!


കയർ പ്രേമികളോട്..!


" ഇന്നലെ
ഭൂമിയെ 
മടുത്ത
ഒരുവൻ 
ഒരു മുഴം
കയറിൽ
കയറി
ആകാശത്തേക്ക് പോയെന്ന് ! "

" ഇന്ന്
അവന്
തിരികെ
വരാൻ
നീളമുള്ള
കയറോ
അമ്മയുടെ
വയറോ
മതിയാകുന്നില്ലെന്നും !! "


Saturday, May 18, 2013

"മഴ പ്രാർത്ഥനകൾ"


"മഴ പ്രാർത്ഥനകൾ"


തിന്മകളാൽ
വരണ്ടുണങ്ങിയ
തൊണ്ടകളിൽ
നിന്നും
മുകളിലേക്ക്
പോയിട്ടുണ്ട്
കുറേ
"മഴ പ്രാർത്ഥനകൾ" !

വരും
പേമാരി
വരും !!


Sunday, May 5, 2013

ഭ്രാന്തൻ


ഭ്രാന്തൻ


ഓർമ്മയും
മറവിയും
ഒരേ രാഗത്തിൽ
ഈണമിട്ട്
നിയന്ത്രിച്ചിരുന്ന,
മനസ്സിന്റെ
താളം
ഒരു വരി
പിഴച്ചപ്പോൾ...

പിന്നെ
അവനെ
നിയന്ത്രിച്ചത്
സ്വന്തക്കാർ
കാലിലണിയിച്ച
ചങ്ങലയുടെ
താളമായിരുന്നു!

എല്ലാ സ്വപ്നങ്ങളും
ചങ്ങലയിൽ
തളച്ചിട്ട
അന്നു രാത്രി,
ഇരുട്ടറയിൽ
തള്ളപ്പെട്ട
അവന്റെ
കട്ടിലിൽ
വീട്ടിലെ പട്ടി
മുള്ളിയത്രേ !!!


Tuesday, April 30, 2013

മതങ്ങൾ


മതങ്ങൾ


ഗ്രന്ഥങ്ങളിലെ
വരികൾക്കിടയിൽ
സ്നേഹവും കാരുണ്യവും
ഒളിഞ്ഞിരിക്കുന്നു

അവർ മഷിയിലെ
വിഷം മാത്രം
കുടിക്കുന്നു,
ഛർദ്ദിക്കുന്നു !

മതം മടുപ്പിക്കുന്ന
മണം പാരിൽ 
വീശിയടിക്കുന്നു 

ദൈവം
തേങ്ങി തേങ്ങി
കരയുന്നു
ഭൂമി പിടിച്ച് കുലുക്കുന്നു !


Sunday, April 28, 2013

മഞ്ഞ സിഗ്നൽ



മഞ്ഞ സിഗ്നൽ


പണക്കൊഴുപ്പ്
അന്യന്റെ വിയർപ്പിൽ 
ഉരുക്കിയൊഴിച്ചുണ്ടാക്കിയ
റബറൈസ്ഡ് റോഡിൽ

അഹങ്കാരം
കുത്തിനിറച്ച
കുഷ്യൻ സീറ്റിലിരുന്നു
ദുനിയാവിന്റെ
വളയം പിടിക്കുന്നവന്,

വഴിയോരക്കാഴ്ച്ചകളുടെ
നിറപ്പകിട്ടിൽ
അന്ധത ബാധിച്ചപ്പോൾ

പച്ചക്കും ചുവപ്പിനുമിടയിൽ
സൂക്ഷിക്കേണ്ടിയിരുന്ന 
മഞ്ഞ സിഗ്നൽ
കാണാൻ കഴിഞ്ഞത്,
അടഞ്ഞ കണ്ണുകൾക്ക്
മുകളിൽ വീണ 
വെളുത്ത തുണിയിലാണ്  !!!


Saturday, April 27, 2013

ഗൃഹ പ്രവേശം

ഗൃഹ പ്രവേശം



മകനേ,
ഇപ്പോൾ
ഞങ്ങൾ
പുതിയ വീട്ടിലാണ്!

നീ
പണിതു തന്ന
ജനലുകളുള്ള
ഖബറിൽ ഞങ്ങൾ
ഉറങ്ങാതെയുറങ്ങുന്നു!

നീയോ
ഞങ്ങൾ പണിതു
തന്ന ജനലുകളില്ലാത്ത
വീട്ടിൽ
ഉണരാതെയുറങ്ങുന്നു !


Wednesday, April 17, 2013

ഉറക്ക ഗുളിക

ഉറക്ക ഗുളിക


ഉറക്ക ഗുളികയുടെ
കണക്ക് തെറ്റിയപ്പോള്‍
ഉറക്കം നഷ്ടമായത്
ഉറ്റവര്‍ക്കായിരുന്നു

ഇനിയുമുണരാത്തവന്റെ
കണ്‍പോളകളില്‍ 
കണ്ണും നട്ട് 
കരളുരുകി
കാത്തിരിക്കുകയാണവര്‍!


Thursday, April 11, 2013

സ്വഹാബികളും 'സാഹിബുകളും'

സ്വഹാബികളും 'സാഹിബുകളും'


'പ്രവാചകരെ
അങ്ങയുടെ
അനുചരന്മാര്‍
നക്ഷത്രങ്ങളായിരുന്നു'

ഞങ്ങളോ,
കര്‍മ്മശാസ്ത്രത്തിന്റെ
പഴുതുകള്‍ തേടുന്ന
മിന്നാമിനുങ്ങുകളും ! 


അമ്മയും മകനും

അമ്മയും മകനും



അമ്മയിലെ വാശി
അവനിലേക്കാഞ്ഞൊന്നു വീശി !

തണലായിരുന്ന
പ്രണയമരം
മറിഞ്ഞുവീണതും,
ചതഞ്ഞരഞ്ഞതവന്റെ
ഹൃദയവും പ്രതീക്ഷയും

ഇന്നിപ്പോള്‍
പൊള്ളുന്ന വെയിലിലവനും
കണ്ണീര്‍മഴയിലമ്മയും!


Wednesday, January 23, 2013

വസ്ത്രാ'ക്ഷേപം'


വസ്ത്രാ'ക്ഷേപം'


മനുഷ്യത്വം അസ്തമിച്ച
പാതയോരങ്ങളിലൂടെ,
ഇമ വെട്ടാതെ
തുറന്നു പിടിച്ച
നിയമക്കണ്ണുകളുടെ 
പ്രകാശത്തില്‍
വിവസ്ത്രയായി 
അവള്‍ നിര്‍ഭയം
വിഹരിച്ചു

ക്ഷുദ്ര ജീവികളുടെ
കാമറക്കണ്ണുകള്‍
കാമം
കരഞ്ഞു തീര്‍ത്തു !

നിയമം കണ്ണുകളടച്ച് 
കറുത്ത തുണിയുമിട്ട്-
മൂടിക്കെട്ടിയ,ഇരുട്ടില്‍
അടിപ്പാവാടയും 
അവള്‍ക്കൊരു
പടച്ചട്ടയായി
അനുഭവപ്പെട്ടു !


Thursday, January 17, 2013

വീട്


വീട്


അഹങ്കാരപ്പെരുമഴയില്‍
ചോര്‍ന്നൊലിക്കുന്ന
ആത്മാവിന്റെ
മേല്കൂരക്ക്
താഴെ നിന്ന് കൊണ്ടാണ്,

അവന്‍
മീസാന്‍ കല്ലും
പണയം വെച്ച് ,
അയല്‍ക്കാരന്റെ
വീട് മറയുന്ന
ഇരുനിലമാളിക
പണിഞ്ഞത് !



Thursday, January 3, 2013

പ്രേതഭയം?


 പ്രേതഭയം?

ഊഹം കൂരിരുള്‍ നിറച്ച
ഭയത്തിന്റെ 
നിലവറകള്‍ക്കുള്ളിലേക്ക്,
ബോധത്തിന്റെ വിളക്കില്‍
ധൈര്യത്തിന്റെ എണ്ണയുമൊഴിച്ച്
ഞാന്‍ കടന്നു ചെന്നു

ഭ്രമത്തില്‍ തീര്‍ത്ത
ഭയത്തിന്റെ മുഖംമൂടി,
യാഥാര്‍ത്ഥ്യത്തിന്റെ
കരിങ്കല്‍ തറയില്‍
വീണുടയുന്നത് കണ്ടത്
അപ്പോഴായിരുന്നു !

മോര്‍ച്ചറിയുടെയും
ശ്മശാനത്തിന്റെയും
കാവല്‍ക്കാര്‍ക്ക്,
കൂലിയൊന്നും കൊടുക്കാതെ
എന്നിലുള്ള പ്രേതഭയത്തിന്റെ
അതിര്‍ത്തി സൈന്യമാക്കിയതും
അന്ന് മുതല്‍ക്കായിരുന്നു!



(വാ)നരൻ?


(വാ)നരൻ?


ദൈവമെന്ന യജമാനന്‍
കാലമെന്ന സര്‍ക്കസ് കൂടാരത്തില്‍
വിധിയുടെ കളിക്കളങ്ങള്‍ വരച്ച്,
ആയുസ്സിന്റെ കയര്‍കുരുക്കുമിട്ട് 
കാണികള്‍ക്കായി
ചാടിക്കളിപ്പിക്കുന്ന
വെറും കളിക്കുരങ്ങല്ലേ മനുഷ്യന്‍ ?

വികൃതി കൂടുതലുള്ള ദൈവം
പാമരനായ മനുഷ്യന്
ഓര്‍മയെക്കാള്‍ കൂടുതല്‍
മറവി കൊടുത്താണ്,
ശരീരത്തിന്റെ
മാലിന്യ കവാടങ്ങള്‍ തന്നെ
ഭോഗേന്ദ്രിയങ്ങളായി വിധിച്ചത് !

ഇരവും പകലും
ഇരയും തേടി
ഇരുകാലുകളിലായ്‌
അലയുന്നുണ്ടവര്‍,
നാല്‍ക്കാലികളെയും
നാണിപ്പിച്ച് !

ഇല്ല ,ഡാര്‍വിന്‍! ,നിനക്ക് തെറ്റ് പറ്റി
ഞങ്ങള്‍ ഇനിയും പരിണമിച്ചിട്ടില്ല,
വാലില്ലെന്നേയുള്ളൂ !!!


Tuesday, January 1, 2013

സ്വര്‍ഗ്ഗം

സ്വര്‍ഗ്ഗം



സ്വര്‍ഗ്ഗത്തിന് ഭാരം കൂടുതലാണെന്ന് ദൈവം !
ദുനിയാവിന്റെ ചുമടുകള്‍ താങ്ങി, എന്റെ
നട്ടെല്ല് വളഞ്ഞു പോയെന്നു ഞാനും !

എല്ലാം കിട്ടുമെന്ന് പറയുന്ന 
ചൈനാ മാര്‍ക്കറ്റില്‍
നാളെയൊന്നു പോകണം...

വളവില്ലാത്തൊരു നട്ടെല്ല് കിട്ടുമോ
കൂട്ടരേ ,
കടമായിട്ടെങ്കിലും....?