Wednesday, January 23, 2013

വസ്ത്രാ'ക്ഷേപം'


വസ്ത്രാ'ക്ഷേപം'


മനുഷ്യത്വം അസ്തമിച്ച
പാതയോരങ്ങളിലൂടെ,
ഇമ വെട്ടാതെ
തുറന്നു പിടിച്ച
നിയമക്കണ്ണുകളുടെ 
പ്രകാശത്തില്‍
വിവസ്ത്രയായി 
അവള്‍ നിര്‍ഭയം
വിഹരിച്ചു

ക്ഷുദ്ര ജീവികളുടെ
കാമറക്കണ്ണുകള്‍
കാമം
കരഞ്ഞു തീര്‍ത്തു !

നിയമം കണ്ണുകളടച്ച് 
കറുത്ത തുണിയുമിട്ട്-
മൂടിക്കെട്ടിയ,ഇരുട്ടില്‍
അടിപ്പാവാടയും 
അവള്‍ക്കൊരു
പടച്ചട്ടയായി
അനുഭവപ്പെട്ടു !


Thursday, January 17, 2013

വീട്


വീട്


അഹങ്കാരപ്പെരുമഴയില്‍
ചോര്‍ന്നൊലിക്കുന്ന
ആത്മാവിന്റെ
മേല്കൂരക്ക്
താഴെ നിന്ന് കൊണ്ടാണ്,

അവന്‍
മീസാന്‍ കല്ലും
പണയം വെച്ച് ,
അയല്‍ക്കാരന്റെ
വീട് മറയുന്ന
ഇരുനിലമാളിക
പണിഞ്ഞത് !



Thursday, January 3, 2013

പ്രേതഭയം?


 പ്രേതഭയം?

ഊഹം കൂരിരുള്‍ നിറച്ച
ഭയത്തിന്റെ 
നിലവറകള്‍ക്കുള്ളിലേക്ക്,
ബോധത്തിന്റെ വിളക്കില്‍
ധൈര്യത്തിന്റെ എണ്ണയുമൊഴിച്ച്
ഞാന്‍ കടന്നു ചെന്നു

ഭ്രമത്തില്‍ തീര്‍ത്ത
ഭയത്തിന്റെ മുഖംമൂടി,
യാഥാര്‍ത്ഥ്യത്തിന്റെ
കരിങ്കല്‍ തറയില്‍
വീണുടയുന്നത് കണ്ടത്
അപ്പോഴായിരുന്നു !

മോര്‍ച്ചറിയുടെയും
ശ്മശാനത്തിന്റെയും
കാവല്‍ക്കാര്‍ക്ക്,
കൂലിയൊന്നും കൊടുക്കാതെ
എന്നിലുള്ള പ്രേതഭയത്തിന്റെ
അതിര്‍ത്തി സൈന്യമാക്കിയതും
അന്ന് മുതല്‍ക്കായിരുന്നു!



(വാ)നരൻ?


(വാ)നരൻ?


ദൈവമെന്ന യജമാനന്‍
കാലമെന്ന സര്‍ക്കസ് കൂടാരത്തില്‍
വിധിയുടെ കളിക്കളങ്ങള്‍ വരച്ച്,
ആയുസ്സിന്റെ കയര്‍കുരുക്കുമിട്ട് 
കാണികള്‍ക്കായി
ചാടിക്കളിപ്പിക്കുന്ന
വെറും കളിക്കുരങ്ങല്ലേ മനുഷ്യന്‍ ?

വികൃതി കൂടുതലുള്ള ദൈവം
പാമരനായ മനുഷ്യന്
ഓര്‍മയെക്കാള്‍ കൂടുതല്‍
മറവി കൊടുത്താണ്,
ശരീരത്തിന്റെ
മാലിന്യ കവാടങ്ങള്‍ തന്നെ
ഭോഗേന്ദ്രിയങ്ങളായി വിധിച്ചത് !

ഇരവും പകലും
ഇരയും തേടി
ഇരുകാലുകളിലായ്‌
അലയുന്നുണ്ടവര്‍,
നാല്‍ക്കാലികളെയും
നാണിപ്പിച്ച് !

ഇല്ല ,ഡാര്‍വിന്‍! ,നിനക്ക് തെറ്റ് പറ്റി
ഞങ്ങള്‍ ഇനിയും പരിണമിച്ചിട്ടില്ല,
വാലില്ലെന്നേയുള്ളൂ !!!


Tuesday, January 1, 2013

സ്വര്‍ഗ്ഗം

സ്വര്‍ഗ്ഗം



സ്വര്‍ഗ്ഗത്തിന് ഭാരം കൂടുതലാണെന്ന് ദൈവം !
ദുനിയാവിന്റെ ചുമടുകള്‍ താങ്ങി, എന്റെ
നട്ടെല്ല് വളഞ്ഞു പോയെന്നു ഞാനും !

എല്ലാം കിട്ടുമെന്ന് പറയുന്ന 
ചൈനാ മാര്‍ക്കറ്റില്‍
നാളെയൊന്നു പോകണം...

വളവില്ലാത്തൊരു നട്ടെല്ല് കിട്ടുമോ
കൂട്ടരേ ,
കടമായിട്ടെങ്കിലും....?