Thursday, July 24, 2014

നുറുങ്ങുകൾ- 9


മരണം


നിറങ്ങൾ 

അണിഞ്ഞു നിന്നിരുന്ന
ജീവിതത്തിനു മേൽ
മരണം
വെള്ള പുതപ്പിക്കുന്നു !
*************************


ആഘോഷങ്ങൾ


പഴകിയ
ജീവിതത്തെ
കഴുകിയെടുക്കുന്നു
ആഘോഷങ്ങൾ !
**********************

യുക്തി


ശ്മശാനങ്ങളുടെ
മൂകസാക്ഷിത്വം
മാത്രം മതിയായിരുന്നു
നിഷ്പക്ഷതയുടെ
കോടതിക്ക് 
യുക്തിയെ
മരണം വരെ
തടവിന് ശിക്ഷിക്കാൻ !



Saturday, July 5, 2014

നുറുങ്ങുകൾ - 10

വിധി


പ്രാപഞ്ചിക തത്വങ്ങളുടെ
സങ്കീർണ്ണമായ
സൂത്രവാക്യങ്ങൾ
ഗ്രഹിക്കുന്നതിലല്ല;
വിധി വിളയാട്ടങ്ങളുടെ
കെട്ടിപ്പിണഞ്ഞു കിടക്കുന്ന
കൂട്ടക്ഷരങ്ങൾ
വായിച്ചെടുക്കുന്നതിലാണ്
നാം പലപ്പോഴും
പരാജയപ്പെടുന്നത് !
************************

പ്രവാസി



പാളത്തിലോടുന്ന വണ്ടികൾക്കേ താളം കാണൂ;
ചൂളം വിളിച്ചില്ലെന്നും വരാം
അരുത് , കയറാൻ ശ്രമിക്കരുത്!,
ഇത് ഭാവിയിലേക്ക്
സ്വപ്‌നങ്ങൾ ചുമക്കുന്ന
ചരക്കു വണ്ടിയാണ് !
******************************

മനസ്സ് 



നിറഞ്ഞ
ഗ്യാലറിയിലെ
ആരവങ്ങൾക്കിടയിൽ
ആവേശത്തോടെ
ഉരുണ്ടുകളിക്കുന്നു
ചിലപ്പോഴോ,
ആർപ്പുവിളികൾക്കിടയിലും
തീർത്തും
ഒറ്റപ്പെട്ട്
കാറ്റൊഴിഞ്ഞു
മൂലയിലിരിക്കുന്നു !
****************************