Thursday, April 11, 2013

സ്വഹാബികളും 'സാഹിബുകളും'

സ്വഹാബികളും 'സാഹിബുകളും'


'പ്രവാചകരെ
അങ്ങയുടെ
അനുചരന്മാര്‍
നക്ഷത്രങ്ങളായിരുന്നു'

ഞങ്ങളോ,
കര്‍മ്മശാസ്ത്രത്തിന്റെ
പഴുതുകള്‍ തേടുന്ന
മിന്നാമിനുങ്ങുകളും ! 


അമ്മയും മകനും

അമ്മയും മകനും



അമ്മയിലെ വാശി
അവനിലേക്കാഞ്ഞൊന്നു വീശി !

തണലായിരുന്ന
പ്രണയമരം
മറിഞ്ഞുവീണതും,
ചതഞ്ഞരഞ്ഞതവന്റെ
ഹൃദയവും പ്രതീക്ഷയും

ഇന്നിപ്പോള്‍
പൊള്ളുന്ന വെയിലിലവനും
കണ്ണീര്‍മഴയിലമ്മയും!


Wednesday, January 23, 2013

വസ്ത്രാ'ക്ഷേപം'


വസ്ത്രാ'ക്ഷേപം'


മനുഷ്യത്വം അസ്തമിച്ച
പാതയോരങ്ങളിലൂടെ,
ഇമ വെട്ടാതെ
തുറന്നു പിടിച്ച
നിയമക്കണ്ണുകളുടെ 
പ്രകാശത്തില്‍
വിവസ്ത്രയായി 
അവള്‍ നിര്‍ഭയം
വിഹരിച്ചു

ക്ഷുദ്ര ജീവികളുടെ
കാമറക്കണ്ണുകള്‍
കാമം
കരഞ്ഞു തീര്‍ത്തു !

നിയമം കണ്ണുകളടച്ച് 
കറുത്ത തുണിയുമിട്ട്-
മൂടിക്കെട്ടിയ,ഇരുട്ടില്‍
അടിപ്പാവാടയും 
അവള്‍ക്കൊരു
പടച്ചട്ടയായി
അനുഭവപ്പെട്ടു !


Thursday, January 17, 2013

വീട്


വീട്


അഹങ്കാരപ്പെരുമഴയില്‍
ചോര്‍ന്നൊലിക്കുന്ന
ആത്മാവിന്റെ
മേല്കൂരക്ക്
താഴെ നിന്ന് കൊണ്ടാണ്,

അവന്‍
മീസാന്‍ കല്ലും
പണയം വെച്ച് ,
അയല്‍ക്കാരന്റെ
വീട് മറയുന്ന
ഇരുനിലമാളിക
പണിഞ്ഞത് !



Thursday, January 3, 2013

പ്രേതഭയം?


 പ്രേതഭയം?

ഊഹം കൂരിരുള്‍ നിറച്ച
ഭയത്തിന്റെ 
നിലവറകള്‍ക്കുള്ളിലേക്ക്,
ബോധത്തിന്റെ വിളക്കില്‍
ധൈര്യത്തിന്റെ എണ്ണയുമൊഴിച്ച്
ഞാന്‍ കടന്നു ചെന്നു

ഭ്രമത്തില്‍ തീര്‍ത്ത
ഭയത്തിന്റെ മുഖംമൂടി,
യാഥാര്‍ത്ഥ്യത്തിന്റെ
കരിങ്കല്‍ തറയില്‍
വീണുടയുന്നത് കണ്ടത്
അപ്പോഴായിരുന്നു !

മോര്‍ച്ചറിയുടെയും
ശ്മശാനത്തിന്റെയും
കാവല്‍ക്കാര്‍ക്ക്,
കൂലിയൊന്നും കൊടുക്കാതെ
എന്നിലുള്ള പ്രേതഭയത്തിന്റെ
അതിര്‍ത്തി സൈന്യമാക്കിയതും
അന്ന് മുതല്‍ക്കായിരുന്നു!



(വാ)നരൻ?


(വാ)നരൻ?


ദൈവമെന്ന യജമാനന്‍
കാലമെന്ന സര്‍ക്കസ് കൂടാരത്തില്‍
വിധിയുടെ കളിക്കളങ്ങള്‍ വരച്ച്,
ആയുസ്സിന്റെ കയര്‍കുരുക്കുമിട്ട് 
കാണികള്‍ക്കായി
ചാടിക്കളിപ്പിക്കുന്ന
വെറും കളിക്കുരങ്ങല്ലേ മനുഷ്യന്‍ ?

വികൃതി കൂടുതലുള്ള ദൈവം
പാമരനായ മനുഷ്യന്
ഓര്‍മയെക്കാള്‍ കൂടുതല്‍
മറവി കൊടുത്താണ്,
ശരീരത്തിന്റെ
മാലിന്യ കവാടങ്ങള്‍ തന്നെ
ഭോഗേന്ദ്രിയങ്ങളായി വിധിച്ചത് !

ഇരവും പകലും
ഇരയും തേടി
ഇരുകാലുകളിലായ്‌
അലയുന്നുണ്ടവര്‍,
നാല്‍ക്കാലികളെയും
നാണിപ്പിച്ച് !

ഇല്ല ,ഡാര്‍വിന്‍! ,നിനക്ക് തെറ്റ് പറ്റി
ഞങ്ങള്‍ ഇനിയും പരിണമിച്ചിട്ടില്ല,
വാലില്ലെന്നേയുള്ളൂ !!!


Tuesday, January 1, 2013

സ്വര്‍ഗ്ഗം

സ്വര്‍ഗ്ഗം



സ്വര്‍ഗ്ഗത്തിന് ഭാരം കൂടുതലാണെന്ന് ദൈവം !
ദുനിയാവിന്റെ ചുമടുകള്‍ താങ്ങി, എന്റെ
നട്ടെല്ല് വളഞ്ഞു പോയെന്നു ഞാനും !

എല്ലാം കിട്ടുമെന്ന് പറയുന്ന 
ചൈനാ മാര്‍ക്കറ്റില്‍
നാളെയൊന്നു പോകണം...

വളവില്ലാത്തൊരു നട്ടെല്ല് കിട്ടുമോ
കൂട്ടരേ ,
കടമായിട്ടെങ്കിലും....?