Thursday, October 29, 2015

നുറുങ്ങുകൾ -16

ആത്മപ്രശംസ 


സ്വയം പുകഴ്ത്തി പുകഴ്ത്തി
ഞാനും നീയും 
വാഴ്ത്തപ്പെടുകയല്ല,
വഞ്ചിക്കപ്പെടുകയാണ് !

*******************


കള്ളസത്യം 


വിശ്വാസികളെന്ന്
അവകാശപ്പെടുന്നവരുടെ
കള്ളസത്യങ്ങളിൽ നിന്നാണ്
ദൈവനാമത്തിനു മേൽ
ഇത്രയേറെ കറ
പുരണ്ടത് !

*******************

അനുഭവങ്ങൾ 


പരിചയത്തിൽ നിന്നും
ഒരു പരിചയുണ്ടാകുന്നു
അബദ്ധം
വഴിയെ 
സുബദ്ധമാകുന്നു !





നുറുങ്ങുകൾ -15


വാദം 



വാദിച്ച് വാദിച്ച് 
വാതം പിടിച്ചവരോട് 
വേദമോതിയോതി 
നിനക്ക് ദീനം പിടിക്കും !


******************************


വോട്ട് 


ചിഹ്നങ്ങൾക്കായുള്ള 
ചിന്നംവിളികളാകാം,
പക്ഷെ, മദമിളകരുത് !





******************************


ഗോമാംസം 


ഗോമാംസത്തിനല്ല 
ഭാരതീയാ,
ഇന്ന് 
ഭാരം കൂടുതലുള്ളത് 
പിച്ചവെച്ച് തുടങ്ങുന്നതു മുതൽ
പിച്ചിചീന്തപ്പെടുന്ന

സ്ത്രീമാംസത്തിനാണ് !



Monday, March 16, 2015

നുറുങ്ങുകൾ -4

മുറിവ് 


അറിവ് പുരട്ടി
ഉണക്കിയെടുക്കാവുന്ന
മുറിവുകളുമുണ്ട് !,
ചില തിരിച്ചറിവുകൾ
പച്ചമരുന്നിനേക്കാൾ
ഗുണം ചെയ്യുന്നു !!


***********************


സ്വപ്നം 


അനുഭവമായി തീരുന്നതോടെ
ഓരോ സ്വപ്നത്തിന്റെയും
മൂല്യം നഷ്ടപ്പെടുന്നു !


****************************


ജീവിതം


സന്തോഷത്തിന്റെ തുള്ളലിനും
സന്താപത്തിന്റെ തള്ളലിനുമിടയിൽ
അള്ളിപ്പിടിച്ചിരിക്കുന്നു
ജീവിതം!


Sunday, March 15, 2015

നുറുങ്ങുകൾ - 14




ജീവിതം  


കരുതലോടെ കടിഞ്ഞാണിട്ട്
പിടിച്ചിട്ടും ജീവിതമെന്ന
കുതിര,
കുതറിയോടാൻ
ശ്രമിക്കുന്നു !
***********************************

ജീവിതത്തിന്റെ ദർപ്പണത്തിൽ നിനക്കെപ്പോഴാണ് മരണം പ്രതിബിംബിക്കാൻ തുടങ്ങുന്നത് ,
അന്ന് മുതൽ നീ ജീവിതത്തിന്റെ യഥാർത്ഥ സൌന്ദര്യം ദർശിക്കുന്നു !
***********************************


നീയറിയുന്ന ഏതൊരാൾ മരിക്കുമ്പോഴും കൂടെ നീയും മരിച്ചു കൊണ്ടിരിക്കണം, എങ്കിൽ പതിയെ പതിയെ നിന്റെ ജീവിതവും മരണവും പ്രയാസരഹിതമായി തീരുന്നു!.


Tuesday, March 10, 2015

നുറുങ്ങുകൾ - 13



ദൈവം 


ദൈവം വെളിച്ചമാണ്
ഇരുട്ടിൽ നിങ്ങളാണ് ,
ഇനിയും കാണുന്നില്ലെന്നോ?,
വിളക്ക് തെളിയിക്കാൻ
ഒരിത്തിരി തീ തിരയൂ !
****************************************


യൗവ്വനം അവന്റേതു മാത്രമായിരുന്നു
പക്ഷെ,
വാർദ്ധക്യം അവൻ ദൈവത്തിനു പകുത്തു നല്കി !
*****************************************



കരുതലും വിരുതും മാത്രം മതിയാവുന്നില്ല സ്നേഹിതാ, പരുപരുത്ത ജീവിതപാതയിൽ ഏകനായി നടക്കുമ്പോൾ ചുവടുകൾ പതറുമ്പോഴൊക്കെയും വീഴാതിരിക്കാൻ ആരോ ഒരാൾ കൂടെ നടക്കുന്നുണ്ട്. ഞാനും നീയും പലപ്പോഴും അതറിയുന്നുമുണ്ട്.
*****************************************



Thursday, October 16, 2014

നുറുങ്ങുകൾ -3

വിശപ്പ് 


വിശക്കുമ്പോൾ
എല്ലാ ആശയങ്ങളും
ഉത്ഭവിക്കുന്നത്
ആമാശയത്തിൽ നിന്നാണ് !
******************************

അറിവ്  


നീ അറിവിന്റെ
മരങ്ങൾ തിരയുന്നു,
ഞാൻ അവയുടെ 
വേരുകൾ ചികയുന്നു!
************************

ദൂരം


ഇരു കസേരകളിലായി
അരികത്തിരുന്നുവെങ്കിലും,
ഞങ്ങൾക്കിടയിൽ
ഇരു കരകളുടെ
ദൂരമുണ്ടായിരുന്നു!
കാത്തിരിക്കുക,
കാലം നമുക്കിടയിൽ
ഒരു പാലം പണിഞ്ഞേക്കാം!
**************************





Wednesday, October 8, 2014

നുറുങ്ങുകൾ -5


മതം



ചിലർക്ക് മതം പുറമെ പുരട്ടാനുള്ള മരുന്നാണ്. 
ചിലർക്കോ, സർവ്വ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയും !
*********************************************************


വെളിച്ചം


നിങ്ങളിലേക്കുള്ള ജനലുകളും
വാതിലുകളും തുറന്നിടുക,
അറിവിന്റെ വെളിച്ചം
യഥേഷ്ടം പ്രവഹിക്കട്ടെ!,
ആ വെളിച്ചത്തിൽ
നിരന്തരം നിങ്ങളെ
പുതുക്കി പണിയുക,
അജ്ഞതയുടെ ഇരുട്ടറകളിൽ നിന്നും
മോചിതരാവുക !!
**********************************************

നിസ്സാരത


നിന്റെ 
നിസ്സഹായതയെയല്ല,
ചില സാഹചര്യങ്ങൾ
മനുഷ്യന്റെ 
നിസ്സാരതയെയാണ്
ചൂണ്ടി കാണിക്കുന്നത് ,
അതിനെ വിധിയെന്നോ
നിയോഗമെന്നോ
പേരിട്ടു വിളിക്കാം!