Wednesday, January 23, 2013

വസ്ത്രാ'ക്ഷേപം'


വസ്ത്രാ'ക്ഷേപം'


മനുഷ്യത്വം അസ്തമിച്ച
പാതയോരങ്ങളിലൂടെ,
ഇമ വെട്ടാതെ
തുറന്നു പിടിച്ച
നിയമക്കണ്ണുകളുടെ 
പ്രകാശത്തില്‍
വിവസ്ത്രയായി 
അവള്‍ നിര്‍ഭയം
വിഹരിച്ചു

ക്ഷുദ്ര ജീവികളുടെ
കാമറക്കണ്ണുകള്‍
കാമം
കരഞ്ഞു തീര്‍ത്തു !

നിയമം കണ്ണുകളടച്ച് 
കറുത്ത തുണിയുമിട്ട്-
മൂടിക്കെട്ടിയ,ഇരുട്ടില്‍
അടിപ്പാവാടയും 
അവള്‍ക്കൊരു
പടച്ചട്ടയായി
അനുഭവപ്പെട്ടു !


Thursday, January 17, 2013

വീട്


വീട്


അഹങ്കാരപ്പെരുമഴയില്‍
ചോര്‍ന്നൊലിക്കുന്ന
ആത്മാവിന്റെ
മേല്കൂരക്ക്
താഴെ നിന്ന് കൊണ്ടാണ്,

അവന്‍
മീസാന്‍ കല്ലും
പണയം വെച്ച് ,
അയല്‍ക്കാരന്റെ
വീട് മറയുന്ന
ഇരുനിലമാളിക
പണിഞ്ഞത് !



Thursday, January 3, 2013

പ്രേതഭയം?


 പ്രേതഭയം?

ഊഹം കൂരിരുള്‍ നിറച്ച
ഭയത്തിന്റെ 
നിലവറകള്‍ക്കുള്ളിലേക്ക്,
ബോധത്തിന്റെ വിളക്കില്‍
ധൈര്യത്തിന്റെ എണ്ണയുമൊഴിച്ച്
ഞാന്‍ കടന്നു ചെന്നു

ഭ്രമത്തില്‍ തീര്‍ത്ത
ഭയത്തിന്റെ മുഖംമൂടി,
യാഥാര്‍ത്ഥ്യത്തിന്റെ
കരിങ്കല്‍ തറയില്‍
വീണുടയുന്നത് കണ്ടത്
അപ്പോഴായിരുന്നു !

മോര്‍ച്ചറിയുടെയും
ശ്മശാനത്തിന്റെയും
കാവല്‍ക്കാര്‍ക്ക്,
കൂലിയൊന്നും കൊടുക്കാതെ
എന്നിലുള്ള പ്രേതഭയത്തിന്റെ
അതിര്‍ത്തി സൈന്യമാക്കിയതും
അന്ന് മുതല്‍ക്കായിരുന്നു!



(വാ)നരൻ?


(വാ)നരൻ?


ദൈവമെന്ന യജമാനന്‍
കാലമെന്ന സര്‍ക്കസ് കൂടാരത്തില്‍
വിധിയുടെ കളിക്കളങ്ങള്‍ വരച്ച്,
ആയുസ്സിന്റെ കയര്‍കുരുക്കുമിട്ട് 
കാണികള്‍ക്കായി
ചാടിക്കളിപ്പിക്കുന്ന
വെറും കളിക്കുരങ്ങല്ലേ മനുഷ്യന്‍ ?

വികൃതി കൂടുതലുള്ള ദൈവം
പാമരനായ മനുഷ്യന്
ഓര്‍മയെക്കാള്‍ കൂടുതല്‍
മറവി കൊടുത്താണ്,
ശരീരത്തിന്റെ
മാലിന്യ കവാടങ്ങള്‍ തന്നെ
ഭോഗേന്ദ്രിയങ്ങളായി വിധിച്ചത് !

ഇരവും പകലും
ഇരയും തേടി
ഇരുകാലുകളിലായ്‌
അലയുന്നുണ്ടവര്‍,
നാല്‍ക്കാലികളെയും
നാണിപ്പിച്ച് !

ഇല്ല ,ഡാര്‍വിന്‍! ,നിനക്ക് തെറ്റ് പറ്റി
ഞങ്ങള്‍ ഇനിയും പരിണമിച്ചിട്ടില്ല,
വാലില്ലെന്നേയുള്ളൂ !!!


Tuesday, January 1, 2013

സ്വര്‍ഗ്ഗം

സ്വര്‍ഗ്ഗം



സ്വര്‍ഗ്ഗത്തിന് ഭാരം കൂടുതലാണെന്ന് ദൈവം !
ദുനിയാവിന്റെ ചുമടുകള്‍ താങ്ങി, എന്റെ
നട്ടെല്ല് വളഞ്ഞു പോയെന്നു ഞാനും !

എല്ലാം കിട്ടുമെന്ന് പറയുന്ന 
ചൈനാ മാര്‍ക്കറ്റില്‍
നാളെയൊന്നു പോകണം...

വളവില്ലാത്തൊരു നട്ടെല്ല് കിട്ടുമോ
കൂട്ടരേ ,
കടമായിട്ടെങ്കിലും....?



Wednesday, December 19, 2012

കൊടിജീവിതം



കൊടിജീവിതം


ചുവപ്പ് ,കാവി ,പച്ച ,മഞ്ഞ .....

കൊടി നിറത്തിന്റെ
കടുപ്പത്തില്‍
തിമിരം ബാധിച്ച
കണ്ണുകളേ

കൊടിയുടെ
മതില്‍ കെട്ടി
വെറുപ്പിന്റെ
കറുപ്പ് നിറച്ച
മനസ്സുകളേ

കൊടിക്കുടിലുകളില്‍ നിന്നും
കൊടിയുടെ
അടിവസ്ത്രത്തിന് മേല്‍
മനുഷ്യത്വം പുതച്ച്
നാണം മറച്ച്
വെളിച്ചത്തിലേക്കിറങ്ങുവിന്‍!

കൊടി നിറങ്ങളെ
ഭൂമിയമ്മക്കൊപ്പം
ഒന്നിച്ചു തിരിച്ച്
സമാധാനത്തിന്റെ
തൂവെള്ള പ്രഭ
വിരിയിച്ചെടുക്കാമെന്ന്
തിരിച്ചറിയുവിന്‍!

കൊടി ഭൂതത്തിന്റെ
മാരണത്തില്‍
നഷ്ടമായിപ്പോയ
കാഴ്ചശക്തിയെ
തിരിച്ചെടുക്കുവിന്‍
മനുഷ്യരാകുവിന്‍, മനുഷ്യരേ !


Tuesday, December 18, 2012

അച്ചുവേട്ടന്‍



അച്ചുവേട്ടന്‍ 


പാറയില്‍ പന്തുരുട്ടി ഉദയം കാണിച്ചത്
അദ്ധ്യെഹമായിരുന്നു
പാറപ്പുറത്തൊരു
കായിക സൌഹൃദമൊരുക്കിയതും
അദ്ധ്യെഹമായിരുന്നു

ശുഷ്കിച്ച കാലുകള്‍ ബൂട്ടുകള്‍ക്കായ്
പുഷ്ടിപ്പിച്ചെടുത്തതും

പാമ്പാട്ടിയുടെ കുഴലൂത്തു പോലെയൊരു
ഗ്രാമത്തെ വിസിലൂതി
കളി പഠിപ്പിച്ചതും

ഒരു ദേശത്തിന്റെ ഹൃദയരാഗത്തിനൊരു
ഫുട്ബോള്‍ താളത്തിന്റെ
മേളം ചേര്‍ത്തതും

പന്തുരുണ്ട മൈതാനങ്ങളിലൊക്കെയും
ഉച്ചഭാഷിണികളിലായെന്നും
ഒരു ഗ്രാമത്തിന്റെ
പേരറിയിച്ചതും

ഉദയയുടെ ഗുരുനാഥരും
ഏട്ടനും അച്ഛനുമാം
അച്ചുവേട്ടന്റെ മാത്രം സുകൃതം!

ഇല്ല ,ഗുരുവര്യരെ
മറക്കില്ലൊരിക്കലും ഞങ്ങള്‍
തലമുറകളിലൂടെ
പന്തുരുളുവോളം കാലം
അങ്ങയുടെ പാഥേയം!

പ്രാര്‍ത്ഥനയൊന്നു മാത്രം
ബാക്കിയായ് ഞങ്ങളിലിന്നു-
മൊരു പൊന്‍പുലരിക്കായ്‌
"കലകള്‍ക്കായ്
ഒരു അച്ചുവേട്ടന്‍ കൂടി
പിറക്കണേ" ന്ന് !



(ചുള്ളിപ്പാറ എന്ന  ഞങ്ങളുടെ ഗ്രാമത്തിനു കാല്പന്ത് കളിയിലൂടെ ഒരു പുതുജന്മം നല്‍കിയ പ്രിയപ്പെട്ട ഞങ്ങളുടെ ഗുരുനാഥന്‍ , ഉദയ സ്പോര്‍ട്സ് & ആര്‍ട്സ് ക്ലബ് ചുള്ളിപ്പാറയുടെ സ്ഥാപകന്‍, ഈ വരികള്‍ അദ്ധ്യേഹത്തിന്റെ മാതൃകാ ജീവിതത്തിനുള്ള ഉപഹാരമായി , ശിഷ്യരുടെ ഒരു എളിയ സമര്‍പ്പണം! )