Monday, October 1, 2018

നുറുങ്ങുകൾ -21

നുറുങ്ങുകൾ -21

വർണ്ണവിവേകം  

കറുപ്പാകട്ടെ
വെളുപ്പാകട്ടെ,
തൊലിയോളം വിലപിടിപ്പുള്ള
വസ്ത്രമേതുണ്ട്?!


**************************************

ദൈവം 

നിശബ്ദതയെ സാക്ഷി നിർത്തി
ചോദിക്കൂ!,
നീയില്ലെങ്കിൽ പിന്നെ
ഞാനാരാണ്?
******************************************

ഉറക്കം 

ഉറങ്ങുമ്പോൾ
ശരീരമഴിച്ചുവെച്ച്
നാം എവിടെ
പോകുന്നുവെന്ന്
ചിന്തിച്ചിട്ടുണ്ടോ!?

********************************************

ശരീരം 

ശരീരവുമായി അത്രയങ്ങ് ചങ്ങാത്തം വേണ്ട,
സമയമെത്തിയാൽ അത് നിന്നെ ഉപേക്ഷിക്കും;അല്ല,
നീ അതിനെ ഉപേക്ഷിക്കും!



Saturday, October 29, 2016

നുറുങ്ങുകൾ -20

പ്രതികരണം

പ്രതികരിക്കണം 
എന്ന് തോന്നുമ്പോഴെല്ലാം 
ആ വാക്കിനുള്ളിലുള്ള 'പ്രതി'
എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു!.

**************************************

വേദന

വേദനയാൽ
മുദ്രണം ചെയ്ത
അനുഭവങ്ങളെല്ലാം
നിങ്ങളുടെ നിത്യസമ്പാദ്യമാണ്
മറവിക്ക് ഒരിക്കലും
അവയെ കവർച്ച ചെയ്യാൻ
സാധിക്കില്ല !
******************************************

ആത്മീയത

ഒച്ചയില്ലാതെ 
മിടിക്കുന്ന ഹൃദയങ്ങൾക്ക് 
കാതോർത്തിരിക്കുന്നവരെ , 
ഉച്ചഭാഷിണിയിലൂടെ 
നിങ്ങൾ എന്ത് 
കേൾപ്പിക്കാൻ!

********************************************

ജീവിതം

കണ്ണടച്ചാൽ ആത്മാവ് 
തുറന്നാൽ ദുനിയാവ് ,
ദൈവമേ 
ഇതിനിടയിൽ 
എവിടെയാണ് നീ 
ജീവിതത്തെ
ഒളിപ്പിച്ചു് വെക്കുന്നത് !





Thursday, October 29, 2015

നുറുങ്ങുകൾ -17


ശ്മശാനം


കാതോർത്തു നോക്കൂ,
ശബ്ദ മുഖരിതമായ
ഒരു സമ്മേളനനഗരിയേക്കാൾ
മൂകമായ
ഒരു ശ്മശാനം
നമ്മോട് സംസാരിക്കുന്നുണ്ട് !

**********************************

തീവ്രം


ഉരുകിയൊലിക്കുന്ന
ഈ ജീവിതത്തിൽ നിന്നും
നീ തണുപ്പുള്ളതൊന്നും
പ്രതീക്ഷിക്കരുത് !

************************************


അഹം



മനസ്സിൽ
വീർപ്പിച്ചു വെച്ച
മസിലുമായി
ചിലർ ജീവിച്ചു
മരിക്കുന്നു !
************************************

ധാന്യപ്പുര 


ചിലപ്പോഴെല്ലാം
മനസ്സ് 
വെള്ളം കയറിയ 
ധാന്യപ്പുര പോലെ
ഉപയോഗശൂന്യമാണ് !
************************


നുറുങ്ങുകൾ -16

ആത്മപ്രശംസ 


സ്വയം പുകഴ്ത്തി പുകഴ്ത്തി
ഞാനും നീയും 
വാഴ്ത്തപ്പെടുകയല്ല,
വഞ്ചിക്കപ്പെടുകയാണ് !

*******************


കള്ളസത്യം 


വിശ്വാസികളെന്ന്
അവകാശപ്പെടുന്നവരുടെ
കള്ളസത്യങ്ങളിൽ നിന്നാണ്
ദൈവനാമത്തിനു മേൽ
ഇത്രയേറെ കറ
പുരണ്ടത് !

*******************

അനുഭവങ്ങൾ 


പരിചയത്തിൽ നിന്നും
ഒരു പരിചയുണ്ടാകുന്നു
അബദ്ധം
വഴിയെ 
സുബദ്ധമാകുന്നു !





നുറുങ്ങുകൾ -15


വാദം 



വാദിച്ച് വാദിച്ച് 
വാതം പിടിച്ചവരോട് 
വേദമോതിയോതി 
നിനക്ക് ദീനം പിടിക്കും !


******************************


വോട്ട് 


ചിഹ്നങ്ങൾക്കായുള്ള 
ചിന്നംവിളികളാകാം,
പക്ഷെ, മദമിളകരുത് !





******************************


ഗോമാംസം 


ഗോമാംസത്തിനല്ല 
ഭാരതീയാ,
ഇന്ന് 
ഭാരം കൂടുതലുള്ളത് 
പിച്ചവെച്ച് തുടങ്ങുന്നതു മുതൽ
പിച്ചിചീന്തപ്പെടുന്ന

സ്ത്രീമാംസത്തിനാണ് !



Monday, March 16, 2015

നുറുങ്ങുകൾ -4

മുറിവ് 


അറിവ് പുരട്ടി
ഉണക്കിയെടുക്കാവുന്ന
മുറിവുകളുമുണ്ട് !,
ചില തിരിച്ചറിവുകൾ
പച്ചമരുന്നിനേക്കാൾ
ഗുണം ചെയ്യുന്നു !!


***********************


സ്വപ്നം 


അനുഭവമായി തീരുന്നതോടെ
ഓരോ സ്വപ്നത്തിന്റെയും
മൂല്യം നഷ്ടപ്പെടുന്നു !


****************************


ജീവിതം


സന്തോഷത്തിന്റെ തുള്ളലിനും
സന്താപത്തിന്റെ തള്ളലിനുമിടയിൽ
അള്ളിപ്പിടിച്ചിരിക്കുന്നു
ജീവിതം!


Sunday, March 15, 2015

നുറുങ്ങുകൾ - 14




ജീവിതം  


കരുതലോടെ കടിഞ്ഞാണിട്ട്
പിടിച്ചിട്ടും ജീവിതമെന്ന
കുതിര,
കുതറിയോടാൻ
ശ്രമിക്കുന്നു !
***********************************

ജീവിതത്തിന്റെ ദർപ്പണത്തിൽ നിനക്കെപ്പോഴാണ് മരണം പ്രതിബിംബിക്കാൻ തുടങ്ങുന്നത് ,
അന്ന് മുതൽ നീ ജീവിതത്തിന്റെ യഥാർത്ഥ സൌന്ദര്യം ദർശിക്കുന്നു !
***********************************


നീയറിയുന്ന ഏതൊരാൾ മരിക്കുമ്പോഴും കൂടെ നീയും മരിച്ചു കൊണ്ടിരിക്കണം, എങ്കിൽ പതിയെ പതിയെ നിന്റെ ജീവിതവും മരണവും പ്രയാസരഹിതമായി തീരുന്നു!.