Sunday, March 15, 2015

നുറുങ്ങുകൾ - 14




ജീവിതം  


കരുതലോടെ കടിഞ്ഞാണിട്ട്
പിടിച്ചിട്ടും ജീവിതമെന്ന
കുതിര,
കുതറിയോടാൻ
ശ്രമിക്കുന്നു !
***********************************

ജീവിതത്തിന്റെ ദർപ്പണത്തിൽ നിനക്കെപ്പോഴാണ് മരണം പ്രതിബിംബിക്കാൻ തുടങ്ങുന്നത് ,
അന്ന് മുതൽ നീ ജീവിതത്തിന്റെ യഥാർത്ഥ സൌന്ദര്യം ദർശിക്കുന്നു !
***********************************


നീയറിയുന്ന ഏതൊരാൾ മരിക്കുമ്പോഴും കൂടെ നീയും മരിച്ചു കൊണ്ടിരിക്കണം, എങ്കിൽ പതിയെ പതിയെ നിന്റെ ജീവിതവും മരണവും പ്രയാസരഹിതമായി തീരുന്നു!.


Tuesday, March 10, 2015

നുറുങ്ങുകൾ - 13



ദൈവം 


ദൈവം വെളിച്ചമാണ്
ഇരുട്ടിൽ നിങ്ങളാണ് ,
ഇനിയും കാണുന്നില്ലെന്നോ?,
വിളക്ക് തെളിയിക്കാൻ
ഒരിത്തിരി തീ തിരയൂ !
****************************************


യൗവ്വനം അവന്റേതു മാത്രമായിരുന്നു
പക്ഷെ,
വാർദ്ധക്യം അവൻ ദൈവത്തിനു പകുത്തു നല്കി !
*****************************************



കരുതലും വിരുതും മാത്രം മതിയാവുന്നില്ല സ്നേഹിതാ, പരുപരുത്ത ജീവിതപാതയിൽ ഏകനായി നടക്കുമ്പോൾ ചുവടുകൾ പതറുമ്പോഴൊക്കെയും വീഴാതിരിക്കാൻ ആരോ ഒരാൾ കൂടെ നടക്കുന്നുണ്ട്. ഞാനും നീയും പലപ്പോഴും അതറിയുന്നുമുണ്ട്.
*****************************************



Thursday, October 16, 2014

നുറുങ്ങുകൾ -3

വിശപ്പ് 


വിശക്കുമ്പോൾ
എല്ലാ ആശയങ്ങളും
ഉത്ഭവിക്കുന്നത്
ആമാശയത്തിൽ നിന്നാണ് !
******************************

അറിവ്  


നീ അറിവിന്റെ
മരങ്ങൾ തിരയുന്നു,
ഞാൻ അവയുടെ 
വേരുകൾ ചികയുന്നു!
************************

ദൂരം


ഇരു കസേരകളിലായി
അരികത്തിരുന്നുവെങ്കിലും,
ഞങ്ങൾക്കിടയിൽ
ഇരു കരകളുടെ
ദൂരമുണ്ടായിരുന്നു!
കാത്തിരിക്കുക,
കാലം നമുക്കിടയിൽ
ഒരു പാലം പണിഞ്ഞേക്കാം!
**************************





Wednesday, October 8, 2014

നുറുങ്ങുകൾ -5


മതം



ചിലർക്ക് മതം പുറമെ പുരട്ടാനുള്ള മരുന്നാണ്. 
ചിലർക്കോ, സർവ്വ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയും !
*********************************************************


വെളിച്ചം


നിങ്ങളിലേക്കുള്ള ജനലുകളും
വാതിലുകളും തുറന്നിടുക,
അറിവിന്റെ വെളിച്ചം
യഥേഷ്ടം പ്രവഹിക്കട്ടെ!,
ആ വെളിച്ചത്തിൽ
നിരന്തരം നിങ്ങളെ
പുതുക്കി പണിയുക,
അജ്ഞതയുടെ ഇരുട്ടറകളിൽ നിന്നും
മോചിതരാവുക !!
**********************************************

നിസ്സാരത


നിന്റെ 
നിസ്സഹായതയെയല്ല,
ചില സാഹചര്യങ്ങൾ
മനുഷ്യന്റെ 
നിസ്സാരതയെയാണ്
ചൂണ്ടി കാണിക്കുന്നത് ,
അതിനെ വിധിയെന്നോ
നിയോഗമെന്നോ
പേരിട്ടു വിളിക്കാം!


Monday, September 29, 2014

നുറുങ്ങുകൾ -6


ഹൃദയ ഘടികാരം


ജീവിതത്തിന്റെ തുടിപ്പിൽ നിന്നും
മരണത്തിന്റെ കിടപ്പിലേക്കുള്ള
സമയദൈർഘ്യം,
ഹൃദയ ഘടികാരം
അനുനിമിഷം 
നമ്മോട് വിളിച്ചുപറയുന്നുണ്ട് !

*************************************


പല്ല് വേദന


ഒരു പല്ല് വേദന പോലും
ചില നേരം, മനുഷ്യനെ
പുല്ലു പോലെ
ചവിട്ടിയരക്കുന്നു !
******************



സങ്കടം


ക്ഷമിക്കുക,
എന്റെയും നിന്റെയും
സങ്കടം
നാം, കണ്ണീരിനെ
സാക്ഷിയാക്കി
ദൈവത്തിന്
കൊടുക്കുന്ന
കടമാണ് !

****************





Friday, August 15, 2014

നുറുങ്ങുകൾ- 7

ചതി


ചതിയുടെ
മെതിയടിക്കടിയില്‍ പെട്ട്
ചതഞ്ഞവരുടെ
ചിതയ്ക്കരുകില്‍
ചകിതനായി ഞാന്‍ !
****************************


നാവും കാതും


നാവ് മൂര്‍ച്ച കൂ‍ട്ടുന്നതിലല്ല, 
കാത് കൂര്‍പ്പിച്ചു വെക്കുന്നതിലാണു കാര്യം!
*************************************************

സ്വാതന്ത്ര്യം  



സ്വതന്ത്രരാണ് എന്ന് എല്ലാവരും പറയുന്നു,
ചലിക്കാൻ തുടങ്ങുമ്പോഴായിരിക്കും 
നമ്മെ ബന്ധിച്ചിരിക്കുന്ന
സമൂഹത്തിന്റെ 
അദൃശ്യമായ ചങ്ങലകൾ
നാം ശ്രദ്ധിക്കുന്നത് !


Sunday, August 3, 2014

നുറുങ്ങുകൾ- 8

കാഴ്ച്ച


ഒരു കാഴ്ച്ചയും വെറുതെയല്ല, ഓരോ കാഴ്ച്ചകളിൽ നിന്നും നമുക്കായി കരുതി വെച്ച ഓഹരി നാം കണ്ടെത്തുന്നില്ലെന്ന് മാത്രം!.



അറിവ് 


അറിവ് വർദ്ധിക്കുന്തോറും ചോദ്യങ്ങൾ കുറയുന്നുണ്ട്. പക്ഷെ, സങ്കീർണ്ണതകൾ കൂടുന്നു. എങ്കിലും,കുനിഞ്ഞ ശിരസ്സിനാൽ മൌനിയായിരിക്കുമ്പോഴും ഉള്ളിൽ ചിന്തകളുരസിയുണ്ടാകുന്ന വിസ്ഫോടനങ്ങളുടെ ഊർജ്ജത്തിൽ നിന്നു തന്നെയാണ് നാം നമ്മെ പുതുക്കി പണിയുന്നത്.


ജീവിതപാഠം  


അസഹ്യമായത്, അസാധ്യമായത് എന്നൊക്കെ നമുക്കിപ്പോൾ തോന്നുന്ന ഒരു കാര്യത്തെ നേരിടാൻ, അതിനോടടുക്കുന്ന സമയവും സാഹചര്യവും നമ്മെ പ്രാപ്തമാക്കിയേക്കാം. കടുത്ത പരീക്ഷണങ്ങൾ നിറഞ്ഞ ജീവിതപ്രതിസന്ധികളെ അതിജീവിച്ചവരുടെ വിജയഗാഥകൾ മാനവ ചരിത്രത്തിലുടനീളം കാണാം, 
സ്നേഹിതാ, മരണമല്ലാത്ത അനുഭവങ്ങളൊന്നും അവസാനത്തേതല്ല!.