Friday, June 20, 2014

നുറുങ്ങുകൾ - 11

ഏകാന്തത


ഏകാന്തത ദൈവത്തിലേക്കുള്ള 
ഒറ്റവരിപ്പാതയാണ്!.

*****************************************


അന്ധത


വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് കയറുമ്പോൾ നാം പെട്ടെന്ന് അന്ധത ബാധിച്ചവരെ പോലെയാവുന്നു. 
ഒരല്പം ക്ഷമിക്കുക,കാഴ്ച്ച വീണ്ടും തിരികെ വരുന്നത് കാണാം. 
ഇതു പോലെ തന്നെയാണ് ദുഃഖാവസ്ഥയും ,ക്ഷമയുണ്ടെങ്കിൽ ജീവിതം വീണ്ടും തിരികെ വരുന്നത് നാം കാണാതിരിക്കില്ല!
*******************************************



യുക്തി


യുക്തിയുടെയും യുക്തിരാഹിത്യത്തിന്റെയും കുറുകെ കെട്ടിയ നൂൽപാലമാണ് ജീവിതം. മരണത്തിലേക്ക് വീഴും വരെ നാം അതിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച് കൊണ്ടിരിക്കുന്നു!
********************************************


വിധി


വിധിയുടെ കാറ്റിനാൽ നിയോഗങ്ങളിൽ നിന്ന് നിയോഗങ്ങളിലേക്ക് ചലിച്ചുകൊണ്ടിരിക്കുന്ന അപ്പൂപ്പൻതാടികൾ നാം !






Wednesday, June 11, 2014

നുറുങ്ങുകൾ - 12

വിയോഗം



ആണ്ടൊന്നു കഴിഞ്ഞെന്ന് !,
തുണയില്ലാതൊരു വടിയും
കാവൽക്കാരനില്ലാതൊരു വരാന്തയും
ശ്രോതാവില്ലാതൊരു റേഡിയോയും
വിരഹത്തിലാണ്ടു പോയിട്ടുണ്ട് !
***************

വിധി



കാറ്റിനെയും
കൊടുങ്കാറ്റിനെയും
അതിജീവിച്ചു,
പക്ഷെ
ഉരുൾപൊട്ടലിൽ
വേരറ്റുപോയി !
***************


യുക്തി


യുക്തിയുടെ വിശാലമായ ആകാശത്തിലേക്ക്
പറന്നുയരുന്ന പല പട്ടങ്ങളും
പൊട്ടി വീഴുന്നത്,
ദൈവവുമായി ബന്ധിച്ച നൂലിഴ
അറ്റുപോകുമ്പോഴാണ് !
******************************


മതം


പരാതി പറയരുത്
സ്നേഹിതാ,
ചിലരിലെ മതം
പാതിയും പതയാണ് !




Wednesday, January 15, 2014

ഗൃഹാതുരത്വം

ഗൃഹാതുരത്വം


വീടിനെ കുറിച്ച്
ചിന്തിച്ച് ചിന്തിച്ച്
അവൻ
ഒരു ചീവീടായി
മാറിയപ്പോൾ,
ഞാൻ 
അവനെ പിടിച്ച്
ഒരു തീപ്പെട്ടിക്കൂട്ടിലടച്ചു !

എന്നിട്ടും
ദേ,
അവൻ
കരച്ചിൽ നിർത്തുന്നില്ല !!


Saturday, January 11, 2014

നുറുങ്ങുകൾ - 2

നുറുങ്ങുകൾ - 2 


വാക്കും പ്രവൃത്തിയും

വാക്കിനാൽ
മാനത്തേക്ക്
ഉയർന്ന്
നിൽക്കുന്ന
പലരും,
പ്രവൃത്തിയാൽ
അപമാനത്തിലേക്ക്
താഴുന്നുണ്ട് !

**************

പുഞ്ചിരി

വഞ്ചകർ 
പുഞ്ചിരിയിൽ
ഒളിപ്പിച്ച്
തൊടുത്തുവിട്ട
വിഷം
പുരട്ടിയ
അമ്പുകളാണ്
നെഞ്ചിൽ
ഏറ്റവും
ആഴത്തിൽ 
മുറിവേല്പിച്ചത് !

***************

കൂർക്കംവലി

ചിലർ
ഉറക്കിന്
നൽകേണ്ടി
വരുന്ന
വില !

**************

തലവര

ചിലരുടെ
വരികളിൽ
പലവുരി
തെളിയുന്നുണ്ട്
എന്റെ
'തലവര'



നുറുങ്ങുകൾ-1

നുറുങ്ങുകൾ-1



ഔദാര്യം

സ്വീകരിക്കപ്പെടുന്ന
എല്ലാ ഔദാര്യവും
പിന്നീട് 
ബാധ്യതയായി
പരിണമിക്കുന്നു !

***********

E- യുഗം 

ഇ- യുഗത്തിൽ നിന്നും
ആദ്യ സ്വർഗ്ഗ പ്രവേശം
അന്ധന്മാർക്കായിരിക്കുമെന്ന്
ദൈവം
ഒരു കുട്ടിയോട്
സ്വകാര്യം പറയുന്നു...

***************

മരണവും മധുരവും

എത്രയോ
മധുരം
വിതരണം
ചെയ്തിട്ടും

മരണവീട്ടിലെ
കയ്പ്പ്
മാറുന്നില്ല !


Friday, January 10, 2014

മദീന


മദീന



നിരക്ഷരതയിൽ നിന്നും
ഉദിച്ചുയർന്ന
ഒരു നക്ഷത്രം
നൽകിയ 
അക്ഷര വെളിച്ചത്തിൽ,
ഇരുൾ മൂടിയ
ചതുപ്പുനിലങ്ങളിലൂടെ
ഞാൻ മദീനയിലേക്ക്
നടക്കുകയാണ്....


Wednesday, January 1, 2014

കലണ്ടർ

കലണ്ടർ


സമയബോധമുള്ളവന്റെ
ശരിയായ
ദീർഘവീക്ഷണം 
മരണമായിരിക്കണം

ദൈവം 
കഴുത്തിലണിയിച്ചു തന്ന
മരണച്ചരടിലാണ്
ഞാനെന്റെ
കലണ്ടർ
തൂക്കിയിട്ടിരിക്കുന്നത് !