Sunday, December 2, 2012

About Me

About Me



           വായന പ്രായോഗികമായിരിക്കണം എന്നുള്ളതാണ് എന്റെ പക്ഷം .വായനയില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍  നിന്നും കിട്ടുന്ന അറിവുകള്‍ നിജപ്പെടുത്തി കോര്‍ത്തിണക്കി, ധാരണകള്‍  അനുനിമിഷം തിരുത്തപ്പെട്ടു കൊണ്ടിരിക്കണം. കൂടുതല്‍ മേന്മയുള്ള അറിവുകള്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാനുള്ള മാനസിക വിശാലതയാണ് നാമോരോരുത്തര്‍ക്കും വേണ്ടത്.മരണം വരെയും ഒരു വിദ്യാര്‍ത്ഥിയായിരിക്കുക ("തൊട്ടില്‍ മുതല്‍ കട്ടില്‍ വരെ" എന്ന അറബ് പ്രയോഗം കടമെടുക്കുന്നു). അഹംഭാവം ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്നും നമ്മെ അകറ്റി നിര്‍ത്തുന്നു.വളര്‍ച്ചക്ക് പകരം മുരടിപ്പാണ് അത് നല്‍കുന്നതെന്ന് തിരിച്ചറിയുക.പുതിയ പുതിയ അറിവുകള്‍ തേടിപ്പിടിച്ച് ഉയരങ്ങളിലേക്ക് കുതിക്കുക.ചുറ്റുമുള്ള വഴിയോരങ്ങളില്‍ പ്രകാശം പരത്തിക്കൊണ്ട് ഇരുട്ടില്‍ തപ്പുന്നവരെയും വെളിച്ചത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരിക.സ്നേഹം അതിന്റെ ബാഹ്യ രൂപത്തില്‍ മാത്രമേ ജീവിക്കുന്നുള്ളൂ ആയതിനാല്‍ അത് പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കാതിരിക്കുക. ചിലപ്പോള്‍ ഒരു വാക്ക് മാത്രം മതിയാകും ഒരു മനസ്സ് നിറക്കാന്‍ ! (വെറുക്കാനും അത് മതീട്ടോ !) .
സൂര്യന്‍ അസ്തമയത്തിലേക്ക് തന്നെയാണ് ചലിച്ചു കൊണ്ടിരിക്കുന്നത്,അസ്തമയത്തിനു മുമ്പായി വെളിച്ചമുള്ള ഒരു പകലെങ്കിലും നല്‍കാന്‍ നമുക്ക് കഴിയണം....
സ്നേഹിതരെ നന്മകള്‍ നേരുന്നു!
എന്റെ പ്രിയ സുഹൃത്ത് മിഥുന്‍ മേരിയുടെ തൂലികയില്‍ നിന്നും പിറന്നു വീണ്, ഹൃദയത്തില്‍ തറച്ച രണ്ടു ചിന്തകള്‍ ഞാന്‍ നിങ്ങളുമായി പങ്കു വെക്കുന്നു സ്നേഹിതരെ , മന:ശാസ്ത്രത്തിന്റെ ബേസിക് എന്ന് വേണമെങ്കില്‍ പറയാവുന്ന അവ ഇങ്ങിനെ.          
       
       "തീരങ്ങളില്‍ മാത്രമേ കടല്‍ അതിന്റെ തിരയിളക്കം കൊണ്ട് നിന്നെ പേടിപ്പിക്കുകയുള്ളൂ . ആഴകടലില്‍ അവള്‍ ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി ഉറങ്ങുകയാവും . അതുപോലെ തന്നെയാണ് മനുഷ്യമനസ്സും . പുറമേ പ്രക്ഷുബ്ധരായ മനുഷ്യരുടെ ആഴങ്ങളിലേക്ക് തുഴയാന്‍ നിനക്ക് ധൈര്യവും ക്ഷമയുമുണ്ടെങ്കില്‍ അവിടെ നിന്നു മുത്തും പവിഴവും നിനക്ക് കണ്ടെത്താനായേക്കും !!! "

      "ഹൃദയം കൊണ്ട് ജീവിക്കുന്നവരെ ഒരു കുഞ്ഞിന്റെ നൈര്‍മല്യം ഉള്ളവരെ മത്സരങ്ങളുടെ ലോകത്ത് നിങ്ങള്‍ കണ്ടുമുട്ടില്ല . ബലമുണ്ടായിട്ടും മാറി നടക്കുന്നവര്‍ , തോറ്റു കൊടുക്കുന്നവര്‍ , തങ്ങളുടെ സാന്നിധ്യം കൊണ്ട് പരിസരങ്ങളെ മനോഹരമാക്കുന്നവര്‍ . ഭൂമിയിലെ മാലാഖമാര്‍ !!!"

   


No comments:

Post a Comment