Wednesday, December 12, 2012

ഹജ്ജും ചില ചിന്തകളും


"ഹജ്ജും ചില ചിന്തകളും" 

മരുഭൂവിന്‍ മരുപ്പച്ചയില്‍ 
ദീനിന്‍ തറവാട്ടില്‍
ഞാന്‍ അതിഥിയായെത്തി
വെണ്‍വസ്ത്രമണിഞ്ഞ ദീനിനിവിടം
മക്കള്‍ രണ്ടേ രണ്ടു പേര്‍
സുന്നിയും ശിയയും

ചെറുമകന്‍ ശിയ
തറവാടുമായ് പിണങ്ങി താമസം വേറെയായെങ്കിലും
ആണ്ടിലൊരു നാള്‍ അവന്‍ ,സ്വസഹോദരനൊപ്പം
തിരുഗേഹം വലയം വെച്ചു

മൂത്തവന്‍ സുന്നിയോ ?
ഹിന്ദിയും പാക്കിയും ദേശിയും വെള്ളയും കാപ്പിരിയുമെല്ലാം
അവനതിഥികള്‍!
ഒരേ പള്ളിയില്‍ ,ഒരേ സഫില്‍,ഒരേ ഇമാമിന് കീഴില്‍,
കന്തൂറയും പൈജാമയും ലുങ്കിയും പാന്റ്സുമെല്ലാം ഒരുമിച്ചു സുജൂദില്‍ വീണു

എന്നാല്‍
ഒരേ കടലിനിക്കരെ
ഒരേ സൂര്യന് കീഴില്‍
മാമലകള്‍ പച്ചതൊപ്പിയണിഞ്ഞ നാട്ടില്‍
ചിത്രം മഹാവിചിത്രം !

അതേ സുന്നിയുപ്പക്ക് ,മക്കളും മരുമക്കളുമായ്
ഗ്രൂപ്പുകള്‍ പെറ്റുപെരുകിക്കൊണ്ടിരുന്നു
പള്ളിയും സലാമും ഇമാമും ജനാസനിസ്കാരവുമെല്ലാമെല്ലാം വെവ്വേറെ!
ഗ്രൂപ്പുകാരുടെ ചെളിവാരിയേറില്‍ ഇസ്ലാമിന്‍ വെണ്‍പുടവയില്‍
കറയും അഴുക്കും പുരണ്ടുകൊണ്ടിരുന്നു
എതിര്‍ ഗ്രൂപ്പിന്‍ തേജോവധം വാജിബും ഫര്‍ള് ഐനുമായ് മാറി
ഗ്രൂപ്പില്ലാത്തവന്റെ ഇസ്ലാം തുണിപൊക്കി പരിശോധിക്കണമെന്നായി പുതിയ മതം
... ഇബുലീസ് ആര്‍ത്താര്‍ത്ത് ചിരിച്ചു കൊണ്ടേയിരുന്നു!

അവസാനം !
മഹ്ശറയില്‍,
ഒരു റിയാലിറ്റി ഷോ
ഓരോ ഗ്രൂപ്പുകാരും പ്രതീക്ഷയില്‍, ആവേശതിമര്‍പ്പില്‍
"ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം, ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗം"
ഉടന്‍ ,ഒരശരീരി മുഴങ്ങി
"വ്യക്തിശുദ്ധിതന്‍ അഗ്നിയില്‍ സ്ഫുടം ചെയ്ത എന്‍ ദാസന്മാര്‍,
സ്വര്‍ഗ്ഗ കവാടത്തിലൂടെ പ്രവേശിച്ചു കൊള്‍ക!"
ഗ്രൂപ്പുകാര്‍ ലജ്ജിതരായ് തലതാഴ്ത്തി നിന്നു
സ്വര്‍ഗ്ഗ പ്രവേശനം ഗ്രൂപ്പുകള്‍ക്കല്ലായിരുന്നു, വ്യക്തികള്‍ക്കായിരുന്നു
ഭക്തിയും വിനയവും ക്ഷമാശീലരുമായ ദാസന്മാര്‍ക്കായിരുന്നു
...ഇബുലീസിന്‍ അട്ടഹാസം നരകത്തില്‍ അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു!

സഹോദരരെ!,
ഗ്രൂപ്പിസത്തിന്‍ പൈശാചികതയെ കല്ലെടുത്തെറിയുവിന്‍
മിനായിലെ കല്ലുകള്‍,ഗ്രൂപ്പിസത്തെയും നശിപ്പിക്കട്ടെ!
ഹജ്ജിന്റെ പുണ്യം,അത് വിശ്വസാഹോദര്യത്തിന്റെ പുണ്യം
ഇഹ്റാമിന്റെ ഇരട്ടപുടവയില്‍ പൊതിഞ്ഞ മാനവസാഹോദര്യത്തിന്‍ പുണ്യം
ഈ ഹജ്ജിന്റെയാരവം ഒരു പുനര്‍ചിന്തനം നല്‍കട്ടെ!



(2012 ലെ ഹജ്ജ് ദിനങ്ങളില്‍ മനസ്സില്‍ പതിഞ്ഞ ചില ചിന്തകള്‍ നിങ്ങളുമായി പങ്കു വെക്കുന്നു )


No comments:

Post a Comment