Tuesday, December 11, 2012

പ്രവാസി

പ്രവാസി


അല്ല,ഇത് ഞാനല്ല
പ്രവാസത്തിന്‍ ചതുപ്പുനിലത്തില്‍ വീണു
ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്നൊരാള്‍ 
അപരന്‍,ഒരപരിചിതന്‍!

പ്രിയതമയുടെ വിരഹക്കണ്ണീര്‍ തുള്ളികള്‍
തലയിണ തുളച്ചിറങ്ങിയെന്‍ 
മൂര്‍ദ്ധാവില്‍ വീണു ചിന്നിച്ചിതറവെ,
വീണ്ടും ഒരു തിരിച്ചറിവെന്നില്‍
അല്ല, ഇതേതോ ഒരു ബ്രഹ്മചാരി!

വികാരാഗ്നി ജ്വാലകളില്‍
വെന്തുരുകി ദിനന്തോറും
പുതുപുറന്തോടുകളില്‍
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവന്‍
ഇവന്‍, ഏതോ ഒരു ജീവച്ഛവം!

ആഴ്ന്നു പോകുന്തോറും
ബന്ധങ്ങള്‍ തന്‍ വേരുകള്‍
പൊട്ടിയറ്റപോകുമീ
ശ്മശാനത്തിന്‍ മണ്ണും
എന്റേതല്ല തന്നെ!

അതെ, ഇതൊരു ചതിക്കുഴി
കാലത്തിന്റെ നടപ്പാതയില്‍
അസൂയയും അഹങ്കാരവും
മാത്സര്യബുദ്ധിയും കൂട്ടിക്കുഴച്ച്
സമൂഹമൊരുക്കിയ കെണിക്കുഴി!

ഇല്ല, എനിക്ക് ഞാനാകണം
ഞാനായി ജീവിക്കണം
പാതിവിധവയാമെന്നിണയെ
പുതുമണവാട്ടിയാക്കണം

ഇനിയും വയ്യ! കാലമേ,
നിന്റെ മാറിടത്തിലെ
ഈ ചെളിക്കുഴിയില്‍
നിന്നും എന്നെ, നീ
ഒരു മനുഷ്യനായി വീണ്ടും
പുനര്‍ജനിപ്പിക്കുക!




No comments:

Post a Comment